NEWSWorld

സൗദി, ബഹ്റൈൻ എംബസികള്‍ക്ക് നേരെ സായുധാക്രമണം

ഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ സൗദി, ബഹ്റൈൻ എംബസികള്‍ക്ക് നേരെ സായുധാക്രമണം. തലസ്ഥാനമായ ഖാര്‍ത്തൂമിലെ സൗദി എംബസിയിലും സൗദി അറ്റാഷെകളിലും സൗദി ജീവനക്കാരുടെ താമസസ്ഥലത്തും ആക്രമണം ഉണ്ടായി.
എംബസി ജീവനക്കാരുടെ വസതിയും സ്വത്തുക്കളും നശിപ്പിക്കുകയും കെട്ടിടം തകര്‍ത്തതായും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ബഹ്റൈൻ എംബസിയും അംബാസഡറുടെ വസതിയും ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തതായും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എംബസികള്‍ക്ക് നേരെ നടന്ന സായുധ ആക്രമണത്തെ സൗദിയും ബഹ്റൈനും ശക്തമായി അപലപിച്ചു. നയതന്ത്ര കാര്യാലയങ്ങള്‍ക്കും അതിന്റെ പ്രാതിനിധ്യത്തിനും നേരെയുള്ള എല്ലാത്തരം അക്രമങ്ങളും അട്ടിമറികളും സൗദി പൂര്‍ണ്ണമായും നിരാകരിക്കുന്നതായി സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ചയാണ് ബഹ്റൈൻ എംബസിക്കും ജീവനക്കാരുടെ താമസ സ്ഥലങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. അന്താരാഷ്ട്ര നിയമങ്ങളുടെയും നയതന്ത്ര കരാറുകളുടെയും ഗുരുതരമായ ലംഘനമാണ് ആക്രമണമെന്ന് ബഹ്റൈൻ വിദേശ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം അവസാനിപ്പിക്കണമെന്നും നയതന്ത്ര കാര്യാലയങ്ങള്‍ക്കും സിവിലിയൻ സ്ഥാപനങ്ങള്‍ക്കും പൂര്‍ണ സുരക്ഷ ഒരുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ആക്രമികളെ ശിക്ഷിക്കണം. സംവാദങ്ങളിലൂടെ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Back to top button
error: