ഭോപ്പാല്‍: 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിന് ദാരുണാന്ത്യം.കുഴല്‍ക്കിണറില്‍ വീണ് മൂന്നു ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്.
മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ മുംഗവോലി ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. വയലില്‍ കളിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സൃഷ്ടി 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറിനുള്ളിലേക്ക് വീണത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനു ശേഷം വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് കുട്ടിയെ പുറത്തെടുക്കാനായത്. ആംബുലൻസില്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയും സ്റ്റേറ്റ് ഡിസാസ്റ്റര്‍ എമര്‍ജൻസി റെസ്‌പോണ്‍സ് ഫോഴ്‌സും സൈന്യവും റോബോട്ടിക് വിദഗ്ധരുടെ സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ആദ്യം 40 അടിയോളം താഴ്ചയില്‍ കുടുങ്ങിക്കിടന്ന കുട്ടി, രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടിയോളം താഴേയ്ക്ക് വീഴുകയായിരുന്നു.