തിരുവനന്തപുരം: പാലക്കയം കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടും. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റവന്യൂമന്ത്രി കെ രാജന്‍ അംഗീകരിച്ചു. പാലക്കയം വില്ലേജ് ഓഫിസര്‍ക്കെതിരെയും നടപടി എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാറില്‍ നിന്ന് ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യമാണ് വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തത്. മണ്ണാര്‍ക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള ജിആര്‍ ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍നിലയില്‍ 2500 രൂപ മാസവാടകയില്‍ ഇയാള്‍ താമസിക്കുന്ന ഒറ്റമുറിയില്‍നിന്നാണ് വന്‍തുക കണ്ടെത്തിയത്.
മൂന്ന് വര്‍ഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫിസില്‍ എത്തുന്നത്. കൈക്കൂലി കണക്കുപറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാര്‍ പണം കൊടുത്തില്ലെങ്കില്‍ മാസങ്ങളോളം നടത്തിക്കും. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലരില്‍ നിന്നും 500 മുതല്‍ 10,000 രൂപ വരെയാണ് ഇയാള്‍ കൈപ്പറ്റിയത്.