തിരുവനന്തപുരം: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച മുന്‍ എസ്എഫ്ഐ നേതാവ് വിദ്യയെ കൈവിട്ട് സിപിഎം. ‘എന്നാലും എന്റെ വിദ്യേ’ എന്ന ഫേസ്ബുക് പോസ്റ്റുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി രംഗത്ത് എത്തി. വിദ്യ വ്യാജ രേഖ ചമച്ചതില്‍ തനിക്ക് വിഷമമുണ്ടെന്നും പി.കെ. ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യയെ സംരക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. വ്യാജ രേഖ ചമച്ചതിലൂടെ വിദ്യ ചെയ്തത് വലിയ തെറ്റാണെന്ന ബോധ്യത്തിലാണ് സിപിഎം. പാര്‍ട്ടി സെക്രട്ടറി മുതല്‍ ഒരു നേതാവും വിദ്യയെ പിന്തുണച്ച് എത്തിയില്ല. അതിനിടെയാണ് എന്നാലും എന്റെ വിദ്യ എന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.കെ. ശ്രീമതി രംഗത്തു വന്നത്. വിദ്യ തനിക്ക് അറിയാവുന്ന കുട്ടിയാണെന്നും പിഎച്ച്ഡിക്ക് ആശംസ പറഞ്ഞയച്ച ഒരാള്‍ ഇങ്ങനെ ചെയ്തുവെന്നതില്‍ വിഷമമുണ്ടെന്നും പി.കെ.ശ്രീമതി പറഞ്ഞു.
ശ്രീമതി വിഷമം രേഖപ്പടുത്തി കൊണ്ടിട്ട പോസ്റ്റിനെ ട്രോളന്മാരും വെറുതെ വിട്ടില്ല. ജനാധിപത്യ മഹിളാ അസോസിയേഷന് സമ്മേളനത്തില്‍ മികച്ച കഥയ്ക്കുള്ള പുരസ്ക്കാരം വിദ്യയ്ക്ക് ശ്രീമതി നല്കുന്ന ചിത്രമാണ് മറുപടിയായി എത്തിയത്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ നല്കിയ പരാതിയില്‍ കെ.വിദ്യയ്ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തതിലൂടെ പഴയ എസ്എഫ്ഐ പ്രവര്‍ത്തകയോടുള്ള സര്‍ക്കാര്‍ സമീപനം വ്യക്തമാക്കിയെങ്കിലും അറസ്റ്റിലേക്കു പോകാത്തതില്‍ പ്രതിപക്ഷം ദുരൂഹത സംശയിക്കുന്നുണ്ട്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ചുള്ള പരാതിയില്‍ പരിശോധന നടത്താന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുമ്പോഴാണ് പാര്‍ട്ടിയും കൈവിടുന്നു എന്ന സൂചന നേതാക്കള്‍ പ്രതികരണത്തിലൂടെ നല്‍കുന്നത്.