കാസര്‍ഗോട്: മംഗളൂരുവില്‍ മലയാളികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. തീവ്ര ഹിന്ദുസംഘടനാ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മുപ്പതിലേറെ പേര്‍ ചേര്‍ന്ന് കല്ല്, ബെല്‍റ്റ് തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റവരുടെ സുഹൃത്ത് പറഞ്ഞു.
കാസര്‍ഗോടുനിന്ന് മംഗലാപുരത്തേക്ക് വിനോദയാത്ര പോയതായിരുന്നു മൂന്നു ആണ്‍കുട്ടികള്‍. ഇവരുടെ സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ മംഗളൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ഇവര്‍ ആറുപേരും സോമേശ്വര്‍ ബീച്ചില്‍ ഇരിക്കുന്ന സമയത്താണ് അക്രമി സംഘം ഇവിടെ എത്തിയത്. മതവും പേരും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇതര മതവിഭാഗത്തിലുള്ളവരാണ് എന്ന് മനസ്സിലാക്കിയതോടെയാണ് സംഘം ക്രൂരമായ അക്രമം അഴിച്ചുവിട്ടത്.
”പാറക്കല്ലില്‍ ഇരിക്കുമ്പോള്‍ ഐ.ഡി. കാര്‍ഡ് ചോദിച്ചു. ബെല്‍റ്റ് കൊണ്ടും വടികൊണ്ടും അടിച്ചു. കല്ലുകൊണ്ട് മുഖത്തിടിച്ചു. ആറോളം പേരാണ് ആദ്യം വന്നത്. പിന്നീട് മുപ്പതോളം പേര്‍ എത്തി കൂട്ടമായി ആക്രമിച്ചു. പോലീസ് എത്തിയപ്പോള്‍ അവര്‍ ഓടി”- പരിക്കേറ്റ കുട്ടികളുടെ സുഹൃത്ത് പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഏഴുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.