KeralaNEWS

ലോറിയില്‍ മാലിന്യം കടത്താന്‍ 24,000 രൂപ പ്രതിഫലം, ഇടപാടുകാര്‍ മുങ്ങി; ഡീസല്‍ തീര്‍ന്ന് 10 ദിവസമായി ഡ്രൈവര്‍ പെരുവഴയില്‍

കോഴിക്കോട്: കൊച്ചിയില്‍നിന്ന് മാലിന്യം കയറ്റിയ ട്രക്കുമായി മഹാരാഷ്ട്രയിലേക്ക് പോയ ഡ്രൈവര്‍ വാഹനത്തിന്റെ ഡീസല്‍ തീര്‍ന്നതോടെ പെരുവഴിയിലായി. ചീഞ്ഞുനാറിത്തുടങ്ങിയ മാലിന്യവുമായി കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം കുടുങ്ങിക്കിടക്കുകയാണ് വാഹനത്തിന്റെ ഡ്രൈവറായ ഇമാം ഹുസൈന്‍.

രണ്ടാഴ്ചമുമ്പ് ഗാര്‍ഹിക ഉത്പന്നങ്ങളുമായാണ് കര്‍ണാടക ഹുബ്ലി സ്വദേശിയായ ഇമാം ഹുസൈന്‍ കൊച്ചിയില്‍ എത്തിയത്. മടക്കയാത്രയില്‍ കൊണ്ടുപോകുന്നതിനായി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി വാഹനത്തില്‍ മാലിന്യം നിറച്ചുനല്‍കി. 24,000 രൂപയാണ് മാലിന്യം കേരളത്തിന് പുറത്ത് കടത്താന്‍ ഡ്രൈവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞത്. ഇത്തരത്തില്‍ സ്ഥിരമായി മാലിന്യം കൊണ്ടുപോകാറുണ്ടെന്നും വഴിയില്‍നിന്ന് ചെറിയ വണ്ടികളില്‍ എത്തുന്ന ആളുകള്‍ക്ക് മാലിന്യം കൈമാറുന്നതാണ് രീതിയെന്നും ഇമാം പറയുന്നു.

Signature-ad

ഇത്തവണ പറഞ്ഞുറപ്പിച്ച പണം ഇമാമിന് കിട്ടിയില്ല, ഇതിനിടെ തൊണ്ടയാട് എത്തിയപ്പോള്‍ വണ്ടിയില്‍ ഡീസല്‍ തീര്‍ന്നു. പണം നല്‍കാമെന്ന് പറഞ്ഞയാളെ ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും മറുപടിയില്ല, അന്ന് രാത്രി വാഹനത്തില്‍ കിടന്നുറങ്ങുന്നതിനിടെ മൊബൈലും കയ്യിലുണ്ടായിരുന്ന ചെലവിനുള്ള തുകയും ആരോ മോഷ്ടിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ സഹായമൊന്നും ലഭിച്ചില്ലെന്നും ഇമാം പറയുന്നു.

മാലിന്യത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയതിനാല്‍ ഇപ്പോള്‍ വണ്ടിയില്‍ കിടന്നുറങ്ങാന്‍ പോലും കഴിയുന്നില്ല, സമീപത്തെ കടക്കാരാണ് ഭക്ഷണവും വെള്ളവും നല്‍കി സഹായിക്കുന്നതെന്നും ഇമാം പറയുന്നു.

Back to top button
error: