ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു. ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. ഫ്രാങ്കോ ബിഷപ്പ് എമരിറ്റസ് എന്ന് ഇനി അറിയപ്പെടും. ഏറെ സന്തോഷവും നന്ദിയുമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവാര്‍ത്ത അറിയിച്ചുകൊണ്ട് പറഞ്ഞു. ജലന്ധര്‍ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാര്‍ഥിച്ചവര്‍ക്കും കരുതലേകിയവര്‍ക്കും നന്ദി. താനൊഴുക്കിയ കണ്ണീര്‍ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ” അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം, രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു.