LIFEMovie

പാപ്പച്ചൻ എന്തിന് ഒളിവിൽപോയി? പാച്ചന്റെ ജീവിതത്തെ ആകെ ഉലക്കുന്ന ആ സംഭവം എന്ത് ?

പാപ്പച്ചൻ’ എന്നയാളെ കാൺമാനില്ല. കോതമംഗലത്തിനടുത്ത്, മാമംഗലം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഏറെ ആകാംക്ഷാഭരിതരാക്കിക്കൊണ്ടാണ് ഒരു പോസ്റ്റർ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇദ്ദേഹത്തിനെ രൂപവും, ഉയരവും, നിറവും, പ്രായവുമൊക്കെ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റർ. ‘പാപ്പച്ചൻ’ ഈ നാട്ടിൽ ഏവർക്കും പ്രിയപ്പെട്ട ആളാണ്. ഒരു സാധാരണ ലോറി ഡ്രൈവർ. മാതാപിതാക്കളും, ഭാര്യയും കുട്ടികളുമൊക്കെയായി മാനം മര്യാദയായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ. എല്ലാക്കാര്യങ്ങളിലും മുമ്പിൽ നിൽക്കുന്നവൻ. അങ്ങനെയുള്ള ഒരാളിന്റെ തിരോധാനം ആരെയും ഒന്ന് അക്ഷമരാക്കാൻ പോന്നതാണ്. നാട്ടിലെ ഏറ്റവും വലിയ പ്രശ്‍നവുമായി അത് മാറി. നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തിലെ സുപ്രധാനമായ ഒരു രംഗമാണിത്.

ഏതൊരു സ്ഥലത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ഏതു സ്ഥലത്തു ജീവിക്കുന്നോ അവിടുത്തെ ഭൂമിശാസ്ത്രപരമായ കാര്യങ്ങളോടും, കാലാവസ്ഥയോടും, സാഹചര്യങ്ങളോടും, പ്രകൃതിയോടുമൊക്കെ അവർ ഇണങ്ങി ജീവിക്കും. മഞ്ഞുമലയിൽ താമസിക്കുന്നവർ ആ ജീവിതവുമായി ഇഴുകി ജീവിക്കും, ചൂടിന്റെ കാഠിന്യമുള്ള പ്രദേശത്തുള്ളവർ അതുമായി യോജിക്കും, തീരപ്രദേശങ്ങളിലുള്ളവർ കടലുമായി ഇണങ്ങും. മലയോര മേഖലയിലുള്ളവർ ആ ജീവിത സാഹചര്യങ്ങളോടു ഇണങ്ങി ജീവിക്കും. ഇവിടെ വനമേഖലയോടു ചേർന്ന പ്രദേശത്തു ജീവിക്കുന്നവരുടെ കഥയാണ് ‘പാപ്പച്ചൻ ഒളിവിലാണ്’ പറയുന്നത്.

കാടും, നാട്ടുകാരുമായി നല്ല ബന്ധം അവർക്കുണ്ടാകും. അത്തരത്തിലൊരു ജീവിതം തന്നെയാണ് ‘പാപ്പച്ചനും’ നയിച്ചത്. മലയോര മേഖലയിൽ വലിയ സ്വാധീനമാണ് ക്രൈസ്‍തവ സമൂഹത്തിനുള്ളത്. ‘പാപ്പച്ചന്റെ’ ജീവിതത്തിലും ഈ സ്വാധീനമുണ്ട്. ആഘോഷങ്ങളും ആചാരങ്ങളുമൊക്കെയായി ഇഴുകിച്ചേർന്നു ജീവിക്കുന്നതിനിടയിലാണ് ‘പാപ്പച്ചന്റെ’ ജീവിതത്തെ ആകെ ഉലക്കുന്ന ഒരു സംഭവമുണ്ടാകുന്നത്. പിന്നിട്ട അദ്ദേഹത്തിന്റെ ജീവിതത്തിലും ‘ആ നാട്ടിലും അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ഏറെ ഉദ്വേഗത്തിലൂടെ അവതരിപ്പിക്കുന്നത്. ബന്ധങ്ങളുടേയും, സ്നേഹത്തിന്റേയും, സൗഹൃദത്തിന്റേയും, പിണക്കത്തിന്റേയുമൊക്കെ ഇഴകൾ ചേർത്താണ് അവതരിപ്പിക്കുന്നത്.

സൈജു കുറുപ്പ് പാപ്പച്ചൻ എന്ന കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നു. ശീന്ദയും, ദർശനയും (‘സോളമന്റെ തേനീച്ചകൾ’ ഫെയിം) നായികമാരാകുന്നു. വിജയരാഘവൻ, അജു വർഗീസ്, ജഗദീഷ്, ജോണി ആൻ്റണി, കോട്ടയം നസീർ, ശിവജി ഗുരുവായൂർ ,ജോളി ചിറയത്ത്, ശരൺ രാജ് ഷിജു മാടക്കര, വീണാ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനങ്ങൾ ഹരി നാരായണൻ, സിന്റെ സണ്ണി. സംഗീതം ഔസേപ്പച്ചൻ. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ഛായാ ഗ്രഹണം. എഡിറ്റിംഗ് രതിൻ രാധാകൃഷ്‍ണൻ, കലാസംവിധാനം വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യും ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് മനോജ്& കിരൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോസാ സത്യാശിലൻ, പ്രൊഡക്ഷൻ മാനേജർ ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ അജീഷ് സുഗതൻ, പിആർഒ വാഴൂർ ജോസ് എന്നിവരുമാണ്.

Back to top button
error: