പട്ടാമ്പി: ആലുവതന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5.30ന്. വിവിധ സംസ്ഥാനങ്ങളിലെ 350-ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ്
പട്ടാമ്പിയിലെ അഴകത്ത് മനയ്ക്കല്‍ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും ഏഴ് മക്കളില്‍ നാലാമത്തെ മകനായി 1950ലാണ് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് ജനിച്ചത്. പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തിനും ഔപചാരിക സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം, 1972ല്‍ ആരംഭിച്ച ആലുവയിലെ തന്ത്ര വിദ്യാപീഠം നടത്തിയ താന്ത്രിക് പഠന കോഴ്സിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് അവിടെത്തന്നെ അദ്ധ്യാപകന്‍. പിന്നീട് തുടര്‍ച്ചയായി തന്ത്രവിദ്യാ പീഠത്തിന്റെ അദ്ധ്യക്ഷന്‍. സംസ്‌കൃതം, തന്ത്രം, വേദങ്ങള്‍ എന്നിവയില്‍ അഗാധമായ പ്രാവീണ്യം നേടിയിട്ടുണ്ട്. കാഞ്ചി കാമകോടി പീഠത്തില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ച ആദ്യ വിദ്യാര്‍ത്ഥിയുമാണ് അദ്ദേഹം
ജാതിയും ജാതിവിവേചനങ്ങളും കത്തിനിന്നകാലത്ത് അബ്രാഹ്‌മണ ജനസമൂഹത്തെ ശ്രീകോവിലുകള്‍ക്ക് അകത്തേക്ക്, ദൈവസന്നിധിയിലേക്ക് ആദരപൂര്‍വം ആനയിച്ച് കയറ്റിയിരുത്തിയ ആളുടെ പേരാണ് അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്. പ്രശസ്തമായ തന്ത്രി കുടുംബത്തില്‍ പിറന്ന്, അതിപ്രശസ്തരായ ഗുരുക്കളില്‍ നിന്ന് തന്ത്രം പഠിച്ച അഴകത്ത് പക്ഷേ, തന്റെ ജ്ഞാനം ജാതിഭേദമെന്യേ പകര്‍ന്നു നല്‍കാന്‍ ഒരു പിശുക്കും കാട്ടിയില്ല. താന്ത്രികവൃത്തിയില്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും വീട്ടിലും ജാതിയെ അദ്ദേഹം പുറത്തുനിറുത്തി
1988ല്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ബ്രഹ്‌മസ്ഥാനക്ഷേത്രങ്ങളുടെ താന്ത്രിക രൂപകല്‍പ്പന ചെയ്തതും കൊടുങ്ങല്ലൂരില്‍ ആദ്യ ബ്രഹ്‌മസ്ഥാന പ്രതിഷ്ഠയുടെ താന്ത്രിക ചടങ്ങുകള്‍ നിര്‍വഹിച്ചതും അഴകത്തായിരുന്നു.പൂനെയിലെ നിഗഡി ശ്രീകൃഷ്ണ മന്ദിര്‍, മുംബൈയില്‍ താനേ വര്‍ക്കത്ത്നഗര്‍ അയ്യപ്പ ക്ഷേത്രം, നേരുള്‍ അയ്യപ്പ ക്ഷേത്രം, ഗുജറാത്തിലെ ആംഗലേശ്വര്‍ അയ്യപ്പ ക്ഷേത്രം, ബറുച്ചിലെ അയ്യപ്പ, വിഷ്ണു മന്ദിര്‍, സേലം അയ്യപ്പ ക്ഷേത്രം, ബാംഗ്ളൂരിലെ അള്‍സൂര്‍ അയ്യപ്പ ക്ഷേത്രം, അങ്ങിനെ നിരവധി ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നിര്‍വഹിച്ചു.
തന്ത്രവിദ്യയില്‍ അഗാധപാണ്ഡിത്യമുള്ള കല്പുഴദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ ശിഷ്യനുമായി. 1972ല്‍ ആലുവ തന്ത്രവിദ്യാ പീഠത്തിലെ ആദ്യവിദ്യാര്‍ത്ഥികളില്‍ ഒരാളായി. അവിടെത്തന്നെ അദ്ധ്യാപകനും പിന്നീട് കുലപതിയും. പീഠത്തിന്റെ അദ്ധ്യക്ഷനാണ്. നളിനിയാണ് ഭാര്യ. മകള്‍: രമാദേവി. മരുമകന്‍: മിഥുന്‍ പടിഞ്ഞാറേപ്പാട്.