KeralaNEWS

കെഎസ്ആർടിസി ബസുകളിൽ സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധം; സ്വകാര്യ ബസിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം മതി കൺസഷൻ കാർഡ് വേണ്ട

പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്‌കൂൾ-കോളെജ് വിദ്യാർത്ഥികൾക്ക് ജൂലൈ ഒന്ന് മുതൽ കൺസഷൻ കാർഡ് നിർബന്ധമെന്ന് പാലക്കാട് സ്റ്റുഡന്റ്‌സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ ആർ.ടി.ഒ അറിയിച്ചു. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം ഉള്ളതിനാൽ സ്വകാര്യ ബസുകളിൽ കൺസഷൻ കാർഡ് വേണ്ടെന്നും ആർടിഒ വ്യക്തമാക്കി. സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നൽകി വിദ്യാർത്ഥികൾക്ക് പരമാവധി 40 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.

ജില്ലയിലെ വിദ്യാർത്ഥികളുടെ ബസ് യാത്ര കൺസഷൻ കാർഡുകളുടെ വിതരണം, യാത്രാ ബുദ്ധിമുട്ടുകൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതിനാണ് ജില്ലാ കലക്ടർ ഡോ. എസ് ചിത്രയുടെ നേതൃത്വത്തിൽ യംഗം ചേർന്നത്. 2023-24 അധ്യയന വർഷത്തെ കൺസഷൻ കാർഡ് മഞ്ഞ നിറത്തിലായിരിക്കുമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ടി.എം ജേഴ്സൺ അറിയിച്ചു. സർക്കാർ, എയ്ഡഡ്, അഫിലിയേറ്റഡ്, ഗവൺമെന്റ് അംഗീകൃതമായിട്ടുള്ള സ്കൂളുകൾ, കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവികൾ കൺസഷൻ കാർഡ് മഞ്ഞനിറത്തിൽ നൽകാൻ ശ്രദ്ധിക്കണം. സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ലിസ്റ്റ് നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കി അതതു താലൂക്കിലെ ജെ.ആർ.ടി.ഒ മുമ്പാകെ ഹാജരാക്കി കൺസഷൻ കാർഡ് ലഭിക്കുന്നതിന് സ്ഥാപന മേധാവി തന്നെ മുൻകൈ എടുക്കണം.

Signature-ad

സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന കൺസഷൻ കാർഡുകൾ പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരം ബസുടമകൾക്ക് നൽകും. ഒരു ദിവസം പരമാവധി 40 കി.മീ.യാണ് ഒരു വശത്തേക്കുള്ള സഞ്ചരിക്കാവുന്ന ദൂരപരിധി. വിദ്യാർത്ഥികൾ കൺസഷൻ കാർഡ് കൈയിൽ കരുതണമെന്നും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആർ.ടി.ഒ നിർദേശിച്ചു. കെ.എസ്.ആർ.ടി.സി ബസ്സിൽ കൺസഷൻ എടുക്കുന്ന പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യമാണെന്ന് ആർ.ടി.ഒ അറിയിച്ചു. നിയമപരമായി പരിശോധിച്ചു തന്നെ കൺസഷൻ കാർഡുകൾ നൽകുമെന്നും ഒരു ദിവസം രണ്ട് യാത്രകൾ വിദ്യാർത്ഥികൾക്ക് നടത്താമെന്നും അതിന് നിർബന്ധമായും കൺസഷൻ നൽകണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ബസുടമകളുടെയും വിദ്യാർത്ഥികളുടെയും യോഗം ചേരും.

വിദ്യാർത്ഥികളെ രണ്ടാം തരക്കാരായി കാണുക, അവരോട് മോശമായി പെരുമാറുക, നിർബന്ധമായും ഫുൾ ചാർജ് വാങ്ങുക തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികൾ ജില്ലയിൽ നിന്നും ഉണ്ടാവരുതെന്നും അങ്ങനെ ഉണ്ടായാൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. വിദ്യാർത്ഥി സംഘടനകളും കോളെജുകളും സ്വമേധയായി വരുകയാണെങ്കിൽ ആർ.ടി.ഒയുമായി സഹകരിച്ച് കൺസഷൻ ചാർജ് സംബന്ധിച്ച വിവരങ്ങൾ ബസ് സ്റ്റാൻഡിലും കോളെജ് പരിസരത്തും പ്രധാനപ്പെട്ട സ്ഥലങ്ങളിലും എഴുതിവെക്കുന്നതിനുള്ള സംവിധാനം ഒരുക്കാമെന്ന് കലക്ടർ പറഞ്ഞു.

ഗവ മോയൻ ഗേൾസ് സ്‌കൂളിലെ അഞ്ച് മുതൽ 10 വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ യൂണിഫോം മാറ്റം വരുത്തുന്നതിനാൽ ജൂലൈ ഒന്ന് വരെ സ്‌കൂളിൽ നിന്നും സ്റ്റുഡന്റ് ഐ.ഡി കാർഡ് നൽകുന്ന മുറയ്ക്ക് കൺസഷൻ നൽകുമെന്ന് എ.ഡി.എം കെ. മണികണ്ഠൻ പറഞ്ഞു. സ്വകാര്യ ബസുകൾ കുറവുള്ള അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പുറമേ മറ്റു സ്ഥലങ്ങളിലെ വിദ്യാർത്ഥികളും അപേക്ഷിച്ചാൽ കെഎസ്ആർടിസി കൺസഷൻ കാർഡ് അനുവദിക്കണമെന്ന് എ.ഡി.എം നിർദേശിച്ചു.

Back to top button
error: