കമ്പം (തമിഴ്നാട്): ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ച കാട്ടാന അരിക്കൊമ്പന് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ തളയ്ക്കാന്‍ നടപടിയുമായി തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പനെ തളയ്ക്കുന്നതിന് കുങ്കിയാനകളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി വനംവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പുറത്തിറങ്ങരുതന്ന് കമ്പത്തെയും പരിസര പ്രദേശത്തെയും ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആനയെ തളയ്ക്കുന്നതിന് മയക്കുവെടി വയ്ക്കുമെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താ ചാനലുകളോടു പറഞ്ഞു.
അരിക്കൊമ്പന് ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകള്‍ പരിഭ്രാന്തിയിലാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങള്‍ ആനയെ ഓടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്. അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ലോവര്‍ ക്യാമ്പില്‍നിന്ന് കമ്പം ടൗണിലേക്ക് നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ നേരത്തേ വിഹരിച്ചിരുന്ന ചിന്നക്കനാല്‍ ഭാഗത്തേക്കായാണ് അരിക്കൊമ്പന് നീങ്ങുന്നത് എന്നാണ് പറയപ്പെടുന്നത്. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്.
ആന വരുന്നതുകണ്ട് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയ ആള്‍ക്കാണ് വീണു പരിക്കേറ്റത്. കഴിഞ്ഞ ദിവസം വനമേഖലയിലായിരുന്ന അരിക്കൊമ്പന് ഇന്ന് കാര്‍ഷിക മേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്.