IndiaNEWS

മൗസുമിയുടെ കരംപിടിച്ച് മൗമിത; പാരമ്പര്യചടങ്ങുകള്‍ പ്രകാരം സ്വവര്‍ഗാനുരാഗ വിവാഹം

കൊല്‍ക്കത്ത: പാരമ്പര്യ ചടങ്ങുകള്‍ പ്രകാരം വിവാഹിതരായി സ്വവര്‍ഗാനുരാഗികളായ യുവതികള്‍. പരമ്പരാഗതമായ ബംഗാളി ആചാരങ്ങളെല്ലാം പാലിച്ചാണ് ഇരുവരും വിവാഹിതരായത്. മൗസുമി ദത്തയും മൗമിത മജുംദറുമാണ് തിങ്കളാഴ്ച വിവാഹിതരായത്. കല്‍ക്കത്തയില്‍ വിവാഹിതരാവുന്ന മൂന്നാമത്തെ ജോഡി സ്വവര്‍ഗാനുരാഗികളാണ് ഇരുവരും.

”സ്‌നേഹം സ്‌നേഹമാണ്. സ്‌നേഹം എല്ലാത്തിനെയും കീഴടക്കുന്നു. നമുക്ക് എല്ലാം കൊണ്ടും ഇഷ്ടപ്പെടാനാവുന്ന വ്യക്തികളെ കണ്ടെത്തുക, അവരുമായി ഹൃദയബന്ധം സ്ഥാപിക്കുക, അത് നിലനിര്‍ത്തുക എന്നതാണ് പ്രധാനം” എന്നാണ് നവദമ്പതികള്‍ പറയുന്നത്. പ്രണയത്തില്‍ ലിംഗഭേദങ്ങള്‍ക്ക് സ്ഥാനമില്ല എന്നാണ് ഇരുവരുടേയും അഭിപ്രായം. കൊല്‍ക്കത്തയിലെ ബാഗിയാറ്റി നിവാസിയാണ് മൗസുമി. തന്റെ പങ്കാളിയുടെ കുടുംബം അവരെ സ്വീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും മൗസുമി പ്രതീക്ഷിക്കുന്നു.

രാത്രിയില്‍ വിവാഹം ചെയ്ത ശേഷം അത് രഹസ്യമായി സൂക്ഷിക്കാനായിരുന്നു ആദ്യം മൗസുമിയും മൗമിതയും തീരുമാനിച്ചിരുന്നത്. എന്നാല്‍, പിന്നീട് എന്‍ജിബിടിക്യു കമ്മ്യൂണിറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരുവരും വിവാഹവാര്‍ത്ത പരസ്യമാക്കുകയായിരുന്നു. ദമ്പതികള്‍ കൊല്‍ക്കത്തയിലെ ഷോവബസാറിലെ ഭൂത്നാഥ് ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാക്കി. സിന്ദൂരമണിയിക്കുന്നതടക്കമുള്ള ചടങ്ങുകളും ഇരുവരും നടത്തിയിരുന്നു.

കൊല്‍ക്കത്തയിലാണ് രണ്ടുപേരും ഇപ്പോള്‍ കഴിയുന്നത്. സ്‌നേഹമുണ്ടെങ്കില്‍ പിന്നെ അവിടെ വിവേചനം ഉണ്ടാകില്ല. സമൂഹം എന്ത് പറയുന്നു എന്നതിലല്ല. തങ്ങള്‍ക്ക് ഇത് സന്തോഷം തരുന്നുണ്ടോ, അങ്ങനെ സന്തോഷത്തിനുവേണ്ടി ആരുടെ കൂടെയായിരിക്കണം ജീവിക്കുന്നത് എന്നത് തങ്ങളുടെ തീരുമാനം ആയിരിക്കണം എന്നും അത് ജീവിതത്തില്‍ പ്രധാനമാണ് എന്നും ഇവര്‍ പറയുന്നു.

സ്വവര്‍ഗാനുരാഗം ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റം അല്ലാതാക്കി മാറ്റിയിട്ടുണ്ട് എങ്കിലും വിവാഹത്തിന് നിയമപരമായ അംഗീകാരം ലഭിച്ചിട്ടില്ല. അങ്ങനെ അംഗീകാരം കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോള്‍ അനേകം സ്വവര്‍ഗാനുരാഗികളെ പോലെ മൗസുമിയും മൗമിതയും.

Back to top button
error: