കണ്ണൂര്‍: പാനൂര്‍ താഴെചമ്പാട് ‘ആനന്ദി’ല്‍ രത്നാ നായരെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ എത്തിയത് പഴയ വിദ്യാര്‍ഥിയുടെ മട്ടും ഭാവത്തോടെയും. രാജ്യത്തെ ഏറ്റവും ഉന്നതമായ രണ്ടാമത്തെ പദവിയിലിരിക്കുമ്പോഴും തന്റെ പ്രിയപ്പെട്ട അധ്യാപികയെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്നതിന്റെ ആകാംക്ഷയും പിരിമുറുക്കവും ഉപരാഷ്ട്രപതിയുടെ മുഖത്തുണ്ടായിരുന്നു.
ഒരു വിദ്യാര്‍ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നല്കിയ ഗുരു ദക്ഷിണ ആയിരുന്നു ആ സന്ദര്‍ശനം. കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഉപരാഷ്ട്രപതി ടീച്ചറുടെ കാല് തൊട്ട് വന്ദിച്ചു. പിന്നെ കൈകള്‍ ചേര്‍ത്ത് പിടിച്ചു സംസാരിച്ചു. ഒപ്പമുണ്ടായിരുന്ന പത്നി ഡോ. സുധേഷ് ധന്‍ഖറിന് തന്റെ പ്രിയപ്പെട്ട അധ്യാപികയെ പരിചയപ്പെടുത്തി. സ്പീക്കര്‍ എ.എന്‍ ഷംസീറും ഉപരാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് 1.33 നാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഉപരാഷ്ട്രപതിയും പത്നിയും മട്ടന്നൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 1.50ഓടെ കാര്‍ മാര്‍ഗം ചാമ്പാടേക്കു തിരിച്ചു. 2.20 ന് ചമ്പാട് കാര്‍ഗില്‍ ബസ് സ്റ്റോപ്പിന് സമീപമുള്ള ‘ആനന്ദ്’ വീട്ടില്‍ എത്തി.
അര മണിക്കൂറോളം തന്റെ അധ്യാപികയുമായി അദ്ദേഹം വിശേഷം പങ്കുവെച്ചു. ഇളനീരും ചിപ്സും നല്‍കിയാണ് ടീച്ചര്‍ തന്റെ ശിഷ്യനെ സല്കരിച്ചത്. വീട്ടില്‍ ഉണ്ടാക്കിയ ഇഡ്ഡലിയും ചിപ്സും അദ്ദേഹം ഏറെ ആസ്വദിച്ചു കഴിച്ചു. ഒരു ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയാണ് ഈ സന്ദര്‍ശനം എന്ന് രത്ന ടീച്ചര്‍ പറഞ്ഞു. ശിഷ്യര്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നതാണ് അധ്യാപകര്‍ക്ക് ചരിതാര്‍ഥ്യം നല്‍കുക. ഈ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ലെന്നായിരുന്നു അവരുടെ പ്രതികരണം.
രത്ന ടീച്ചറുടെ സഹോദരന് വിശ്വനാഥന് നായര്‍, മകള്‍ നിധി, ഭര്‍ത്താവ് മൃദുല്‍, ഇവരുടെ ഒന്നര വയസ് പ്രായമുള്ള മകള്‍ ഇശാനി എന്നിവരാണ് സ്വീകരിക്കാന്‍ വസതിയിലുണ്ടായിരുന്നത്. ഉപരാഷ്ട്രപതി വരുന്ന വിവരമറിഞ്ഞ് പ്രദേശവാസികളായ ജനങ്ങള്‍ രത്ന ടീച്ചറുടെ വീടിന് ചുറ്റും തടിച്ചു കൂടിയിരുന്നു. ഇവരോട് കൈവീശി യാത്ര പറഞ്ഞാണ് ഉപരാഷ്ട്രപതിയും ഭാര്യയും മടങ്ങിയത്.