KeralaNEWS

യാത്രക്കാരന്‍ ടിക്കറ്റെടുത്തില്ലെങ്കില്‍ കണ്ടക്ടര്‍ക്ക് പിഴ; ഉത്തരവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്താല്‍ കണ്ടക്ടര്‍ക്ക് പിഴ. 5000 രൂപ വരെയാണ് കണ്ടക്ടറില്‍ നിന്ന് ഈടാക്കുക. ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി ഉത്തരവിറക്കി. കൂടാതെ സ്റ്റോപ്പില്‍ കൈ കാണിച്ചിട്ടും ബസ് നിര്‍ത്താതിരിക്കുക, സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതി തെളിഞ്ഞാലും പിഴയൊടുക്കേണ്ടതായി വരും.

മുപ്പത് യാത്രക്കാര്‍വരെ സഞ്ചരിക്കുന്ന ബസില്‍ ഒരാള്‍ ടിക്കറ്റെടുക്കാതിരുന്നാല്‍ 5000 രൂപയാണ് പിഴ. 31 മുതല്‍ 47 വരെ യാത്രക്കാരുണ്ടെങ്കില്‍ 3000 രൂപയും 48-ന് മുകളില്‍ യാത്രക്കാരുണ്ടെങ്കില്‍ 2000 രൂപയും. യാത്രക്കാരന്‍ ടിക്കറ്റെടുക്കാതിരുന്നാല്‍ നേരത്തെ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷനായിരുന്നു ശിക്ഷ. ആദ്യ ഘട്ടത്തിലാണ് പിഴ ചുമത്തുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയും നിയമനടപടിയും നേരിടണം.

Signature-ad

സ്റ്റോപ്പില്‍ കൈ കാണിച്ചിട്ടും ബസ് നിര്‍ത്താതിരിക്കുക, സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികള്‍ തെളിഞ്ഞാല്‍ ജീവനക്കാര്‍ പിഴയായി 500 രൂപ നല്‍കണം. കൂടാതെ വിജിലന്‍സ് ഓഫീസറുടെ മുന്നില്‍ ഹാജരാകുകയും വേണം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ബസുകളുടെ അപകടത്തെ തുടര്‍ന്നുണ്ടാകുന്ന നഷ്ടയിനത്തില്‍ 25,000 രൂപവരെ ബന്ധപ്പെട്ട ജീവനക്കാരില്‍നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്.

കെഎസ്ആര്‍ടിസി ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനും ജില്ലാ അധികാരികളുടെ ചുമതലകള്‍ വിശദീകരിക്കുന്നതിനുമായി മാനേജിങ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. കൃത്യവിലോപങ്ങളില്‍ ജീവനക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ നിലവിലുണ്ടെങ്കിലും വന്‍തുക പിഴ ചുമത്തുന്നതിനുള്ള നിര്‍ദ്ദേശം ആദ്യമായാണ്.

Back to top button
error: