NEWSPravasi

ടാക്‌സിയില്‍ സഞ്ചരിച്ച അറബ് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; പ്രവാസിയായ ഡ്രൈവര്‍ അറസ്റ്റില്‍

ഷാര്‍ജ: ടാക്സിയില്‍ യാത്ര ചെയ്യുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്സി ഡ്രൈവറെ ഷാര്‍ജ പോലിസ് അറസ്റ്റ് ചെയ്തു. പതിമൂന്നും പതിനഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായും ഷാര്‍ജ പോലിസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ടാക്സി ഡ്രൈവറുടെ പീഡനശ്രമം. സംഭവസമയത്ത് കുട്ടികള്‍ക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. കുട്ടികളെ കാറിന് അകത്ത് വച്ചാണ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലിസ് അറിയിച്ചു.

വീട്ടില്‍ തിരിച്ചെത്തിയ പതിമൂന്ന് വയസുകാരി കാറില്‍ വച്ചുണ്ടായ ദുരനുഭവങ്ങള്‍ പിതാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായും ഷാര്‍ജ പോലിസ് അറിയിച്ചു. കേസ് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂട്ടര്‍ക്ക് കൈമാറിയിരിക്കുകയാണ്.

ടാക്‌സി ഡ്രൈവര്‍ ഏഷ്യക്കാരനും കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ അറബ് വംശജരുമാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ കുട്ടികളെ തനിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ് ആവശ്യപ്പെട്ടു.

കുട്ടികള്‍ അപകടസാധ്യതയുള്ള സാഹചര്യങ്ങളില്‍ അകപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത്തരം സംഭവങ്ങളോ സംശയാസ്പദമായ പെരുമാറ്റങ്ങളോ ശ്രദ്ധയില്‍ പെടുന്നവര്‍ അക്കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: