ന്യൂഡല്‍ഹി: യുവതിയായ രണ്ടാം ഭാര്യയെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വയോധികനും കൂട്ടാളികളും അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗറി ഗാര്‍ഡന്‍ മേഖലയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് എസ്.കെ. ഗുപ്ത (71), ഇയാളുടെ മകന്‍ അമിത് (45), ഇവരുടെ സഹായികളായ വിപിന്‍ സേത്തി, ഹിമാന്‍ഷു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രജൗറി ഗാര്‍ഡന്‍ മേഖലയിലെ വീട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണു പോലീസ് എത്തി അന്വേഷണം നടത്തിയത്. നിരവധി തവണ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ നവംബറിലാണ് 35 വയസുകാരിയായ യുവതി ഗുപ്തയെ വിവാഹം കഴിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സെറിബ്രല്‍ പാള്‍സി ബാധിച്ച മകന്‍ അമിതിന്റെ പരിചരണം ലക്ഷ്യമിട്ടായിരുന്നു വിവാഹം. എന്നാല്‍, ഇതു നടന്നില്ല. ഇതോടെ ഗുപ്ത വിവാഹമോചനത്തിനു ശ്രമിച്ചെങ്കിലും ഭാര്യ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഇതിനു വഴങ്ങാതിരുന്ന ഗുപ്ത ഭാര്യയെ ഒഴിവാക്കാനായി രണ്ട് വാടകക്കൊലയാളികളെ സമീപിക്കുകയായിരുന്നു.
അമിത്തിനെ ആശുപത്രിയില്‍ പരിപാലിക്കാനെത്തിയ വിപിന്‍ സേത്തിയുമായി ചേര്‍ന്നാണ് ഗുപ്ത ഗൂഢാലോചന നടത്തിയത്. ഭാര്യയെ കൊല്ലാന്‍ വിപിന് പത്തു ലക്ഷം രൂപ നല്‍കാമെന്നു വാഗ്ദാനം ചെയ്ത ഗുപ്ത 2.40 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിപിനും സഹായിയായ ഹിമാന്‍ഷുവും ചേര്‍ന്ന് ഗുപ്തയുടെ വീട്ടിലെത്തി ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണത്തിനിടെ പ്രതികള്‍ക്കും പരുക്കേറ്റു.
മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഫോണുകളും മറ്റു സാധനങ്ങളും പ്രതികള്‍ കൊണ്ടുപോയിരുന്നു. കൊലപാതകം നടക്കുമ്പോള്‍ ഗുപ്തയുടെ മകന്‍ അമിത്തും വീട്ടിലുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ കുറ്റസമ്മതം നടത്തി.