KeralaNEWS

റെയില്‍പാളത്തില്‍ കോണ്‍ക്രീറ്റ് കട്ട; പതിനാലു വയസ്സുകാരന്‍ പിടിയിൽ

പാലക്കാട്:റെയില്‍പാളത്തില്‍ കോണ്‍ക്രീറ്റ് കട്ട വച്ച പതിനാലു വയസ്സുകാരന്‍ പിടിയിലായി.തമിഴ്നാട് നാമക്കല്‍ സ്വദേശിയാണ് പിടിയിലായ കുട്ടി.ഇന്നലെ രാവിലെ 8.40ന് ഊട്ടറ ലെവല്‍ക്രോസില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയാണ് സംഭവം.
ഊട്ടറയ്ക്കടുത്തു പാളത്തില്‍ സമാനമായ രീതിയില്‍ നേരത്തേയും കല്ലു വച്ചതായി കണ്ടെത്തിയിരുന്നു.അന്ന് ആ പ്രദേശത്തു സംശയാസ്പദമായി കണ്ടെത്തിയ കുട്ടിയെ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞുവിടുകയും കല്ലു നീക്കുകയുമായിരുന്നു.ഇന്നലെയും സംഭവമറിഞ്ഞ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇതേ കുട്ടിയെ കണ്ടതാണ് സംശയത്തിനിടയാക്കിയത്.ഇതോടെ പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ നേരത്തെയും താൻ തന്നെയാണ് പാളത്തിൽ കല്ല് വച്ചതെന്ന് കുട്ടി സമ്മതിക്കുകയായിരുന്നു.
പാലക്കാട്ടേക്കു വരികയായിരുന്ന ചെന്നൈ എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിന്റെ മുന്‍ഭാഗത്തെ റെയില്‍ ഗാര്‍ഡില്‍ തട്ടി കട്ട തെറിച്ചതിനാലാണ് അപകടം ഒഴിവായത്. ഗാര്‍ഡില്‍ തട്ടിയില്ലായിരുന്നെങ്കില്‍ പാളം തെറ്റുന്നത് ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്കു സാധ്യതയുണ്ടായിരുന്നെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ശബ്ദം കേട്ടു ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണു സംഭവം തിരിച്ചറിഞ്ഞത്.പത്തു മിനിറ്റ് ഇവിടെ നിര്‍ത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണു ട്രെയിന്‍ യാത്ര തുടര്‍ന്നത്.ലോക്കോപൈലറ്റ് അറിയിച്ചതിനെ തുടർന്നാണ് ‍ റെയിൽവേ പൊലീസും കൊല്ലങ്കോട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയത്.

 

റിപ്പോര്‍‌‌ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു കൈമാറിയിട്ടുണ്ട്.

Back to top button
error: