KeralaNEWS

മാണി ഗ്രൂപ്പിനെ മടക്കി വിളിച്ച് ചെന്നിത്തല; തല്‍ക്കാലം എങ്ങോട്ടുമില്ലെന്ന് റോഷി

തൃശൂര്‍: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം തിരികെ യുഡിഎഫിലേക്ക് വന്നാല്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവര്‍ യുഡിഎഫിന്റെ ഭാഗമായിരുന്നു അവര്‍ തിരിച്ചു വന്നാല്‍ സന്തോഷം. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.

എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കെല്‍ട്രോണിനെ മുന്‍ നിര്‍ത്തിയുള്ള വലിയ അഴിമതിയാണ് എഐ ക്യാമറയില്‍ നടന്നത്. എന്തുകൊണ്ട് സര്‍ക്കാര്‍ അഴിമതി അന്വേഷിക്കാന്‍ തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. കരാര്‍ വിളിച്ചപ്പോള്‍ നാല് കമ്പനികളാണ് മുന്നോട്ട് വന്നത്. ഒരു കമ്പനി അയോഗ്യമായതോടെ എസ്ആര്‍ഐടിയും അക്ഷരയും അശോകയുമാണ് ഉണ്ടായിരുന്നത്. കരാര്‍ എസ്ആര്‍ഐടിക്ക് തന്നെ കൊടുത്താല്‍ മതിയെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

Signature-ad

മുഖ്യമന്ത്രി പ്രതികരിക്കാത്തത് മടിയില്‍ കനമുള്ളതുകൊണ്ടാണ്. എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുന്നു. കര്‍ണാടകയില്‍ നാല്‍പ്പത് ശതമാനം കമ്മിഷനാണെങ്കില്‍ ഇവിടെ 80 ശതമാനം കമ്മിഷനാണ് അടിക്കുന്നത്. തുടര്‍ഭരണത്തിന് ശേഷം സര്‍ക്കാരിന്റെ അഹങ്കാരം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് തോന്നിയത് ചെയ്യും ആരാണ് ചോദിക്കാനെന്ന ധിക്കാരമാണ് മുഖ്യമന്ത്രിക്ക്. മോദിയുടെ തനിപ്പകര്‍പ്പാണ് പിണറായി വിജയന്‍. എഐ ക്യാമറ അഴിമതിക്കെതിരെ 20-ാം തിയതി യുഡിഎഫ് സെക്രട്ടറിയേറ്റ് വളയുമെന്നും ചെന്നിത്തല അറിയിച്ചു.

അതേസമയം, കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് വരണമെന്ന ചെന്നിത്തലയുടെ പ്രസ്താവനയെ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തു വന്നു. ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് തല്‍ക്കാലം എങ്ങോട്ടുമില്ല. ക്ഷണിച്ചതില്‍ സന്തോഷം. എന്നാല്‍, രാവിലെയും വൈകീട്ടുമായി നിലപാടു മാറ്റുന്നവരല്ല തങ്ങള്‍. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്നും പുറത്തു പോയതല്ല, പുറത്താക്കിയതാണ്. അതു തെറ്റായിപ്പോയി എന്ന് ഇപ്പോള്‍ യുഡിഎഫ് മനസ്സിലാക്കിയതില്‍ സന്തോഷമുണ്ടെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

 

 

 

 

Back to top button
error: