ആലപ്പുഴ: മഴക്കാലത്ത് ഗതാഗത തടസ്സം പതിവായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് അതിവേഗം സെമി എലിവേറ്റഡാകുന്നു.നിര്‍മാണം പൂര്‍ത്തീകരിച്ച ജ്യോതി ഫ്ലൈഓവര്‍ താല്‍ക്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുത്തു.
പൊങ്ങ ജ്യോതി ജങ്ഷനിലെ പള്ളിക്ക് മുന്നില്‍ ആരംഭിച്ച് പാറശേരി പാലത്തില്‍ സമാപിക്കുന്ന ഫ്ലൈഓവറിന് 350 മീറ്റര്‍ നീളമാണുള്ളത്. 16 സ്പാനുകള്‍. ആകെ അഞ്ചുഫ്ലൈ ഓവറുകളാണ് നിര്‍മിച്ചത്. മങ്കൊമ്ബ് ഒന്നാംകര, ബ്ലോക്ക്, നസ്രത്ത്, പണ്ടാരക്കളം ഫ്ലൈഓവറുകളും പൂര്‍ത്തിയായി. പണ്ടാരക്കളം ഒഴികെ മറ്റ് മൂന്നെണ്ണവും അടുത്തദിവസങ്ങളില്‍ തുറക്കും.
വലിയ വെള്ളക്കെട്ട് അനുഭവപ്പെട്ട സ്ഥലങ്ങളിലാണ് ഫ്ലൈ ഓവറുകള്‍ നിര്‍മിച്ചത്. പുതുതായി നിര്‍മിച്ച അഞ്ച് ഫ്ലൈഓവര്‍ കുട്ടനാടിന്റെ വ്യൂ പോയിന്റാകും. മങ്കൊമ്ബ് ബ്ലോക്കിനും ഒന്നാംകരയ്ക്കും ഇടയിലെ റോഡും കിടങ്ങറ ഒന്നാംപാലം, മാമ്ബുഴക്കരി പാലം, പണ്ടാരക്കളം ഫ്ലൈ ഓവര്‍ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 2020 ഒക്ടോബര്‍ 12നാണ് എസി റോഡ് എലിവേറ്റഡ് പാതയാക്കാനുള്ള നിര്‍മാണം തുടങ്ങിയത്. 649.7 കോടി രൂപയായിരുന്നു പദ്ധതിത്തുക. ഗതാഗതം തടസപ്പെടുത്താതെ നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നിര്‍മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.