ബീറ്റ്റൂട്ട് കൃഷി ചെയ്ത് നല്ല വരുമാനം നേടൂ
ധാരാളം പോഷകങ്ങളടങ്ങിയ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതിൽ മഗ്നീഷ്യം, പൊട്ടാസിയം, വിറ്റാമിൻ സി, സോഡിയം എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ബീറ്ററൂട്ടിൽ അടങ്ങിയിരിക്കുന്ന ന്യൂട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. ബീറ്റാനിൻ കരളിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നു. ബീറ്റ്‌റൂട്ടിൽ ചില ആന്റി ഓക്സിഡന്റുകളും കാണപ്പെടുന്നുണ്ട്.
ബീറ്റ്‌റൂട്ടിന്റെ ഇലയും കിഴങ്ങും പാചകത്തിനായി ഉപയോഗിക്കാം. ബെറ്റാനിൻ എന്ന വർണകമാണ് ബീറ്റ്റൂട്ടിന് തനത് നിറം നൽകുന്നത്. ബീറ്റ്റൂട്ട് തോരൻ, ജ്യൂസ് കൂടാതെ സാലഡിലും ചേർക്കുന്നുണ്ട്. ബീറ്റ്‌റൂട്ടിന്റെ ഇലയും ചീരയെ പോലെ പോഷക സമ്പുഷ്ടമാണ്.
തണുപ്പുള്ള പ്രദേശങ്ങളിൽ ആണ് ബീറ്റ്റൂട്ട് പ്രധാനമായും കൃഷി ചെയ്യുന്നത്. തായ്‌വേരിലാണ് ബീറ്റ്‌റൂട്ടിൽ ഭക്ഷണം ശേഖരിച്ച് വെയ്ക്കുന്നത്. ബീറ്റ്റൂട്ട് വിത്തുകൾ നടുമ്പോൾ മൂന്ന് നാല് ഇഞ്ച് അകലത്തിൽ വിത്തുകൾ നടാം. ഒരാഴ്ചയൊക്കെ ആകുമ്പോൾ വിത്തുകൾ മുളക്കാൻ തുടങ്ങും. ഒരു വിത്തിൽ നിന്നു തന്നെ ഒന്നിൽ കൂടുതൽ തൈകൾ ഉണ്ടാകാം അങ്ങനെയുള്ള തൈകൾ പറിച്ച് മാറ്റാം. ഫോസ്ഫറസ് അടങ്ങിയ വളങ്ങളാണ് ബീറ്റ്‌റൂട്ടിനൊക്കെ നല്ലത്. ചാണകം, എൻ.പി.കെ. വളങ്ങൾ ഒക്കെ ഇട്ടുകൊടുക്കാം. ബീറ്റ്റൂട്ട് നട്ട് രണ്ടര മാസമൊക്കെ ആകുമ്പോൾ വിളവെടുക്കാൻ കഴിയും. പോട്ടിങ് മിക്സിൽ ജലാംശം നിലനിർത്താൻ ശ്രമിക്കുക എന്നാൽ വെള്ളം കെട്ടികിടക്കാനും പാടില്ല അത് ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. നാലഞ്ച് മണിക്കൂർ ഒക്കെ സൂര്യപ്രകാശം കിട്ടിയാൽ മതിയാകും. ഇത്രയൊക്കെ ശ്രദ്ധിച്ചാൽ തന്നെ ബീറ്റ്റൂട്ട് വീട്ടിൽ തന്നെ കൃഷി ചെയ്യാൻ കഴിയും.
ബീറ്റ്റൂട്ട് ഗ്രോബാഗിൽ വീട്ടിലും കൃഷി ചെയ്യാൻ കഴിയും അതിന് കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ബീറ്റ്റൂട്ട് ഒരു തായ് വേര് മാത്രം ഉള്ള പച്ചക്കറിയാണ് അതുകൊണ്ട് എവിടെയാണോ നടാൻ ഉദ്ദേശിക്കുന്നത് അവിടെ തന്നെ വിത്ത് മുളപ്പിക്കുക. നല്ല ആരോഗ്യമുള്ള വിത്തുകൾ ഇതിനായി തിരഞ്ഞെടുക്കുക. നല്ല ഇളക്കമുള്ള നടീൽമിശ്രിതം ആണ് ഇതിനു നല്ലത് ചകിരിച്ചോറ് നടീൽമിശ്രിതമായിട്ട് എടുക്കാം. അടിവളമായി എല്ലുപൊടി ചേർക്കാം.