എറണാകുളം: പ്രതിശ്രുതവരന് സര്‍പ്രൈസ് നല്‍കാന്‍ ചെറുക്കന്‍ ജോലി ചെയ്യുന്നു എന്നു പറഞ്ഞ സര്‍ക്കാര്‍ ഓഫീസിലെത്തിയ യുവതി ഞെട്ടി. അങ്ങനെയൊരാള്‍ അവിടെ ജോലി ചെയ്യുന്നേയില്ല എന്നറിഞ്ഞതോടെ ‘കുരുക്കില്‍ പെട്ടില്ല’ എന്ന ആശ്വാസത്തോടെ അവര്‍ മടങ്ങി. മലപ്പുറം സ്വദേശിനിയായ 30 വയസുകാരിയാണ് എറണാകുളം കലക്ടറേറ്റില്‍ റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്നു എന്നു പറഞ്ഞ ‘ഭാവി വരനെ’ തേടിയെത്തിയത്.
എടത്തല സ്വദേശിയായ യുവാവ് ക്ലര്‍ക്ക് ആണെന്നാണ് പറഞ്ഞിരുന്നത്. ഇരുവരുടെയും പുനര്‍ വിവാഹമാണ് നിശ്ചയിച്ചിരുന്നത്. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതി ഇയാളെ നേരില്‍ കണ്ടിട്ടില്ല. ഭാര്യ മരിച്ചുപോയെന്നും കലക്ടറേറ്റിലാണ് ജോലിയെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഫോണ്‍ വഴിയുള്ള സംസാരം പിന്നീട് വിവാഹ തീരുമാനത്തിലെത്തി.
ഇതോടെയാണ് ‘വരനെ’ അറിയിക്കാതെ ജോലി സ്ഥലത്ത് നേരിട്ടെത്തി സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിച്ചത്. പക്ഷേ, കലക്ടറേറ്റിലെ മജിസ്റ്റീരിയല്‍ സെക്ഷനിലെ ജീവനക്കാരോട് ആളെ തിരക്കിയപ്പോള്‍ യുവതിയാണ് വണ്ടറടിച്ചത്. ഫോട്ടോയൊക്കെ കാണിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരാള്‍ റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്നില്ലെന്ന് ജീവനക്കാര്‍ തറപ്പിച്ചുപറഞ്ഞു. മറ്റ് ഓഫീസുകളിലും അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാള്‍ ഇല്ലെന്ന് തന്നെയായിരുന്നു മറുപടി. ഇതോടെ ചതിക്കപ്പെട്ടെന്നു മനസ്സിലായി. എങ്കിലും വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടെന്ന ആശ്വാസത്തോടെയാണ് യുവതി മടങ്ങിയത്.