കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന പെട്രോള്‍പമ്പ് ജീവനക്കാരിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി. പന്തീരാങ്കാവ് ഒടുമ്പ്രയില്‍ വാടകയ്ക്ക് താമസിക്കുന്ന കുറ്റിച്ചിറ സ്വദേശി ഫൈജാസ് (38)നെയാണ് സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും കുന്ദമംഗലം പോലീസും ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്.
കഴിഞ്ഞ എട്ടിന് കാരന്തൂര്‍ കൊളായിത്താഴത്തായിരുന്നു കേസിനാസ്പദമായ സംഭവം. മാലപൊട്ടിക്കാനായി ബൈക്കില്‍ ചുറ്റിക്കറങ്ങുന്നതിനിടയില്‍ പെട്രോള്പമ്പിനടുത്തുവച്ച് സ്ത്രീ നടന്നു വരുന്നത് കാണുകയും പമ്പിലേക്ക് വണ്ടി കയറ്റി വെള്ളംകുടിക്കാനെന്ന വ്യാജേന കുറച്ച് സമയം അവിടെ ചെലവഴിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീ ഇടറോഡിലേക്ക് കയറിപോകുന്നത് തനിച്ചാണെന്നു മനസ്സിലാക്കി തന്ത്രപരമായി പിന്തുടരുകയും ആളുകളാരും ഇല്ലെന്ന് ഉറപ്പ് വരുത്തി വിദഗ്ദമായി മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.
സ്ത്രീ ബഹളം വെച്ച് പിന്നാലെ പോയെങ്കിലും വളരെ വേഗത്തില്‍ ബൈക്കോടിച്ച് കടന്നുകളയുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പറാണ് ഘടിപ്പിച്ചിരുന്നത്. കുറച്ചുദൂരം സഞ്ചരിച്ച ശേഷം പുതിയ നമ്പര്‍ മാറ്റി യാത്ര തുടര്‍ന്നെങ്കിലും കൃത്യമായ നിരീക്ഷണത്തിലൂടെ സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് ഫൈജാസിനെ വലയിലാക്കുകയായിരുന്നു. ഇരയായ സ്ത്രീ ജോലി ചെയ്തിരുന്ന പെട്രോള്‍ പമ്പിലെ സിസി ടിവിയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഈ ചിത്രം പത്രങ്ങളിലൂടെയും മറ്റും പോലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരും തിരിച്ചറിഞ്ഞില്ല.
തുടര്‍ന്ന് പതിനെട്ട് കിലോമീറ്റര്‍ അകലെ നൂറോളം സിസി ടിവിദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റു ശാസ്ത്രീയ അന്വേഷണത്തിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഈയിടെ വാങ്ങിയ ബൈക്കാണ് കൃത്യം ചെയ്യാന്‍ പ്രതി ഉപയോഗിച്ചത്. സ്ഥിരമായി മാലപൊട്ടിക്കാനാണോ ഈ ബൈക്ക് വാങ്ങിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കാരന്തൂരിലെ സംഭവത്തിന് ശേഷവും ഇയാള്‍ പല സ്ഥലങ്ങളിലും മാലപൊട്ടിക്കാന്‍ കറങ്ങിയിട്ടുണ്ടായിരുന്നു.
സംഭവസ്ഥലത്തും പ്രതിയുടെ വീട്ടിലും ധനകാര്യസ്ഥാപനത്തിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യത്തിന് ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു. ചികിത്സാ ആവശ്യാര്‍ഥം ഉണ്ടായ സാമ്പത്തിക ബാധ്യത കാരണമാണ് പിടിച്ചുപറിക്ക് ഇറങ്ങിയതെന്ന് ഫൈജാസ് പോലീസിനോട് പറഞ്ഞു. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.