ബംഗളൂരു: കര്‍ണാടകയില്‍ അധികാരം ഉറപ്പിച്ചെങ്കിലും കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളികള്‍ അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കുമെന്നതാണ് പാര്‍ട്ടിക്ക് മുന്നില്‍ ഇനിയുള്ള വെല്ലുവിളി. മുന്‍ തെരഞ്ഞടുപ്പുകളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണമെങ്കില്‍ ഇത്തവണ അങ്ങനെയായിരുന്നില്ല.
മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരുപോലെ ആഗ്രഹിക്കുന്നു എന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. ഇത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് സാധ്യമായ എല്ലാ ശ്രമവും നടത്തേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രചാരണസമയത്തുതന്നെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സോണിയയും രാഹുലും നടത്തിയ ശ്രമം പരിപൂര്‍ണമായി ഫലം കണ്ടിരുന്നില്ല.
ഇത് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഇതിനകം സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഇതിനര്‍ഥം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് തന്നെയാണ് സിദ്ധരാമയ്യ പറയാതെ പറഞ്ഞിരിക്കുന്നത്. എന്നാല്‍ തന്റെ കഠിനാദ്ധ്വാനമാണ് കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ മികച്ച വിജയത്തിന് കാരണമായതെന്നാണ് ശിവകുമാറിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ താനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യനെന്ന് ശിവകുമാറും കരുതുന്നു.
വോട്ടെണ്ണല്‍ തുടങ്ങി കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നതിനിടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന അവകാശവാദവുമായി മകന് യതിന്ദ്ര രംഗത്തുവന്നിരുന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെപോലെ ശിവകുമാറിനും ആഗ്രഹമുണ്ടാകും. ഇത് ജനാധിപത്യത്തില്‍ തെറ്റല്ല. തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരുടെ അഭിപ്രായം ആരാഞ്ഞ ശേഷം മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമതീരുമാനമെടുക്കുകയെന്നായിരുന്നു സിദ്ധരാമയ്യ പ്രചാരണത്തിനിടെ പറഞ്ഞത്.
ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നതിനോടാണ് ഗാന്ധി കുടുംബത്തിന് ഏറെ താത്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ചില നിര്‍ണായക വേളയില്‍ ശിവകുമാര്‍ സ്വീകരിച്ച നടപടികളാണ് അദ്ദേഹത്തെ ദേശീയതലത്തില്‍ ഏറെ ശ്രദ്ധേയന്‍ ആക്കിയത്. 2017ല്‍ അഹമ്മദ് പട്ടേല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിജയം ഉറപ്പാക്കിയത് ശിവകുമാറിന്റെ ബുദ്ധിയായിരുന്നു.
രാഹുലിന്റെ ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ വന്‍ വിജയമാക്കിയതിന് പിന്നിലും ശിവകുമാര്‍ തന്നെയായിരുന്നു. കോണ്‍ഗ്രസിലെ കൂട്ടായ പരിശ്രമമാണ് വന്‍ വിജയം ഉണ്ടാക്കിയതെന്നാണ് ശിവകുമാറിന്റെ നിലാപട്. തന്നെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയാണ് ഒന്നാമത്. മുഖ്യമന്ത്രിസ്ഥാനം പിന്നീടാണ്. പാര്‍ട്ടി എന്തു തീരുമാനമെടുത്താലും താന്‍ അത് അംഗീകരിക്കുമെന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്. ഇരുവരെയും കൂടാതെ ജി പരമേശ്വരയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന അഭിപ്രായക്കാരനാണ്.