NEWSWorld

ലിബിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരെ രക്തസാക്ഷികളായി അംഗീകരിച്ച് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തലവെട്ടി കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസികളെ രക്തസാക്ഷികളായി അംഗീകരിച്ച് വത്തിക്കാന്‍. ഇവരുടെ ഫീസ്റ്റ് ദിനത്തില്‍ 21 പേരെയും അനുസ്മരിക്കാനാണ് ഇരു സഭകളുടെയും തീരുമാനം. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ഈജിപ്റ്റില്‍ നിന്നുള്ളവരാണ്. കത്തോലിക്കാ സഭയുടെ അനുദിന വിശുദ്ധരുടെ പട്ടികയില്‍ ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയതായി പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചു. അപൂര്‍വമായിട്ടാണ് ഇത് സംഭവിക്കുന്നത്.

കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ തവാദോസ് രണ്ടാമന്‍ നല്‍കിയ തിരുശേഷിപ്പുകളില്‍ പോപ്പ് ഫ്രാന്‍സിസ് ചുംബിച്ചു. 2015 ഫെബ്രുവരിയിലാണ് 21 കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തലവെട്ടി കൊലപ്പെടുത്തിയത്.

Signature-ad

ലിബിയയിലെ സിര്‍ട്ടെയിലെ കടല്‍ തീരത്തായിരുന്നു ലോകം നടുങ്ങിയ കൊലപാതകം. കൊലപാതകത്തിന്റെ ക്രൂരമായ ദൃശ്യങ്ങള്‍ ഭീകരര്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ 2017 ലാണ് വീണ്ടെടുക്കാന്‍ കഴിഞ്ഞത്. ഇവരുടെ ഓര്‍മയ്ക്കായി ഈജിപ്റ്റില്‍ ഒരു പള്ളി പണിതിട്ടുണ്ട്.

ഈജിപ്റ്റിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമാണ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ. ഒന്നാം നൂറ്റാണ്ടില്‍ അലക്‌സാണ്ട്രിയയില്‍ വിശുദ്ധ മര്‍ക്കോസ് സ്ഥാപിച്ചതാണ് ഈ സഭ. വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കുന്നവരെ ആദരിക്കുന്നത് എല്ലാ വിശ്വാസികളെയും ഒന്നിപ്പിക്കുന്നതാണെന്ന് പോപ്പ് ഫ്രാന്‍സിസ് പറയുന്നു. മറ്റൊരു സഭയില്‍ നിന്നുള്ള രക്തസാക്ഷികളുടെ പേര് കത്തോലിക്ക സഭയുടെ അനുദിന വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അപുര്‍വമാണെന്ന് വത്തിക്കാന്‍ ഓഫീസ് സെക്രട്ടറി ബിഷപ്പ് ബ്രയാന്‍ ഫാരെല്‍ അഭിപ്രായപ്പെട്ടു.

Back to top button
error: