തിരുവനന്തപുരം: പാല്‍ വിറ്റുമടങ്ങവേ ക്ഷീരകര്‍ഷകയെ ആണ്‍ വേഷത്തില്‍ കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ചെത്തി കമ്പിപ്പാരകൊണ്ട് ആക്രമിച്ച് കാല്‍മുട്ട് തല്ലിത്തകര്‍ത്ത സംഭവത്തില്‍ മരുമകളും അയല്‍വാസിയുമായ സുകന്യ(27) അറസ്റ്റിലായി. ആറാലുംമൂട് പുന്നക്കണ്ടത്തില്‍ വയലുനികത്തിയ വീട്ടില്‍ വാസന്തി(63)യെ ചൊവ്വാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് ഇവര്‍ ആക്രമിച്ച് കാല്‍മുട്ട് തകര്‍ത്തത്.
ഇവരുടെ രണ്ടാമത്തെ മകന്‍ രതീഷ് കുമാറിന്റെ ഭാര്യയാണ് സുകന്യ. ഭര്‍ത്താവ് തന്നെ ദിവസവും മര്‍ദിക്കുന്നത് ഇവരുടെ വാക്കുകേട്ടാണെന്ന നിഗമനത്തിലാണ് ആക്രമണം. കൊല്ലാന്‍ വേണ്ടി അല്ലായിരുന്നുവെന്നും രണ്ടാഴ്ച വീട്ടില്‍ കിടക്കട്ടെയെന്ന് കരുതിയാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
സംഭവ സമയത്ത് ഇവര്‍ ധരിച്ചിരുന്ന കറുത്ത ഷര്‍ട്ടും ലെഗ്ഗിന്‍സും കറുത്ത മുഖം മൂടിയും വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച കമ്പിപ്പാര സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ നിന്ന് പോലീസിന് ലഭിച്ചു. ഭര്‍ത്താവിന്റേതാണ് കറുത്ത ഷര്‍ട്ട്. കമ്പിപ്പാര കൊണ്ട് അടിയേറ്റ് കാല്‍പ്പൊട്ടിയ വാസന്തിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.