KeralaNEWS

ശബരി റെയിൽപ്പാതയെ എതിർക്കുന്നവരുടെ ലക്ഷ്യം വേറെ: രാജു ഏബ്രഹാം

റാന്നി: ശബരി റെയിൽപ്പാതയെ എതിർക്കുന്നവരുടെ ലക്ഷ്യം വേറെയാണെന്ന് മുൻ റാന്നി എംഎൽഎ രാജു ഏബ്രഹാം.മലയോര പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും അയ്യപ്പഭക്തന്മാരുടെ യാത്രാസൗകര്യത്തിന് ഉതകുന്നതുമായ ശബരി റെയില്‍വേ അനിവാര്യമാണെന്നും പദ്ധതി അട്ടിമറിക്കുവാനുള്ള ഗൂഡ ശക്തികളുടെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍കരുതെന്നും ‍രാജു ഏബ്രഹാം പറഞ്ഞു.
നാളിതുവരെ 264 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി വിനിയോഗിച്ചു. 100 കോടി രൂപ കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിക്കുകയും,പദ്ധതി ചെലവിന്റെ ആകെത്തുകയുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതിന്റെ ഭാഗമായി 2000കോടി രൂപ കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ ചിലര്‍ പദ്ധതിയെക്കുറിച്ച്‌ ആശങ്ക സൃഷ്ടിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
എറണാകുളം -ഇടുക്കി -കോട്ടയം -പത്തനംതിട്ട -കൊല്ലം – തിരുവനന്തപുരം എന്നീ ജില്ലകളിലെ മലയോര പ്രദേശത്തിന്റെ വികസനം സ്വപ്നതുല്യമാകുന്ന നിര്‍ദ്ഷ്ട ശബരി റെയില്‍വേ പദ്ധതി അട്ടിമറിക്കുവാന്‍ മലയോര ജനത ആരെയും അനുവദിക്കില്ല.ശബരി റെയില്‍വേ എന്നത് കേരളത്തിന്റെ സമസ്ത മേഖലകളുടെയും വികസന കുതിപ്പിന് വഴിവെക്കുന്ന പദ്ധതിയാണ്.നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടും യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളുടെ വികസനം കുതിച്ചുയരും-രാജു ഏബ്രഹാം പറഞ്ഞു.
 അങ്കമാലി മുതല്‍ എരുമേലി വരെ ആദ്യഘട്ടവും എരുമേലിയില്‍ നിന്നും റാന്നി- പത്തനംതിട്ട -കോന്നി- പത്തനാപുരം- പുനലൂര്‍ -നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്ക് രണ്ടാം ഘട്ടവും വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയാണ് ശബരി റെയില്‍വേ പാത.
(ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെ ചെയർമാനാണ് രാജു ഏബ്രഹാം)

Back to top button
error: