കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്ന സംഭവം കേരളക്കരയെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വൈദ്യപരിശോധനയ്ക്കിടെയാണ് ഡോ. വന്ദന ദാസിനെ അക്രമാസക്തനായ യുവാവ് ആക്രമിച്ചത്. പോലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. കഴുത്തിലും മുതുകിലും നെഞ്ചിലും കുത്തേറ്റ ഡോക്ടറെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അബ്കാരി ബിസിനസുകാരനായ മോഹന്‍ ദാസിന്റെയും അമ്മ വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കടുത്തുരുത്തി മുട്ടുചിറ പട്ടാളമുക്കിലാണ് വീട്. അസീസിയ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി പ്രവര്‍ത്തിക്കുകയായിരുന്നു. വീടിന്റെ മുന്നിലുള്ള മതിലില്‍ വെച്ചിരിക്കുന്ന നെയിം ബോര്‍ഡിന്റെ തിളക്കം മങ്ങുന്നതിന് മുന്‍പ് വന്ദന എല്ലാവരെയും വിട്ട് യാത്രയായി.
പ്ലസ് ടു വരെ നാട്ടില്‍ തന്നെയാണ് വന്ദന പഠിച്ചത്. നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു. കുടുംബത്തിനും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ട കുട്ടി. പഠിച്ച് ഡോക്ടറാകണം ജനങ്ങളെ സേവിക്കണം എന്നെല്ലാമായിരുന്നു വന്ദനയുടെ ആഗ്രഹം. എന്നാല്‍, ഡോക്ടറായി ജോലി തുടങ്ങി ഏറെ വൈകാതെ തന്നെ മരണം അവളെ കവര്‍ന്നെടുത്തു.
ഒന്നര മണിക്കൂറോളം പരിശ്രമിച്ചെങ്കിലും വന്ദനയുടെ ജീവന് രക്ഷിക്കാനായില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആറിലേറെ തവണ കുത്തേറ്റിട്ടുണ്ട്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ നില ഗുരുതരമായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കഠിനമായി പരിശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എന്നാല്‍ പ്രതിക്ക് കൈവിലങ്ങ് ഇട്ടിരുന്നെങ്കില്‍ ഈ അപകടം ഉണ്ടാകില്ലായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.