മലപ്പുറം ജില്ലയിലെ അടക്കാകുണ്ടിലെ സുബൈദയുടെ നന്മ നിറഞ്ഞ ജീവിതം ഇന്ത്യയിലെല്ലായിടത്തും അറിയണം.കേരളത്തിലെ അടക്കാക്കുണ്ട് എന്ന സ്ഥലത്ത് സുബൈദ എന്ന ഒരു മുസ്ലിം സ്ത്രീ അയൽക്കാരിയായ ചക്കി എന്ന ഹിന്ദു സ്ത്രീയുടെ മൂന്നു മക്കളെ പോറ്റി വളർത്തിയ കഥ ഇന്ത്യ അറിയണം.
ചക്കി മരിച്ചപ്പോൾ സുബൈദ അനാഥരായ ചക്കിയുടെ മക്കളായ രമണിയേയും ലീലയേയും ശ്രീധരനേയും കൂട്ടി തൻ്റെ വീട്ടിലേക്കു പോയ കഥ ലോകമറിയണം, ഇന്ത്യയറിയണം.
സുബൈദയുടെ മൂന്ന് മക്കൾ – ഷാനവാസും ജാഫറും ജോഷ്നയും
മദ്രസയിൽ പോയപ്പോൾ ചക്കിയുടെ മക്കൾ സ്കൂളിലും അമ്പലത്തിലും പോയി. സുബൈദയുടെ മക്കൾ വൈകുന്നേരങ്ങളിൽ ഖുറാൻ വായിച്ചപ്പോൾ, ചക്കിയുടെ മക്കൾ നെറ്റിയിൽ കുറി തൊട്ട് പ്രാർത്ഥിച്ചു. അങ്ങനെ ആ ആറു കുട്ടികൾ രണ്ടു മതസ്തരായി
സുബൈദയുടെ വീട്ടിൽ വളർന്നു. ഈ കഥയും ഇന്ത്യയറിയണം.
ചക്കിയുടെ മക്കളെ സുബൈദയും ഭർത്താവ് അബ്ദുൾ അസീസ് ഹാജിയും സ്വന്തം മക്കളെപ്പോലെ വളർത്തി. വലുതായപ്പോൾ ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിക്കൊടുത്തു. ഇതും കേരളത്തിലാണ്. ഇതും മലപ്പുറത്താണ്. തീർച്ചയായും ഇന്ത്യയിലുമാണ്. ഈ സംഭവകഥ ഇന്ത്യയിലെല്ലായിടത്തെയും പാഠപുസ്തകങ്ങളിൽ ചേർത്ത് കുട്ടികളിൽ, വരും തലമുറയിൽ സഹവർത്തിത്തത്തിൻ്റെ വലിയ പാഠങ്ങൾ മനസ്സിലാക്കി കൊടുക്കണം. അതാണ് യഥാർത്ഥ രാജ്യസ്നേഹികൾ ചെയ്യേണ്ടത്. കേരളത്തിൽ നിന്നാണ് ഇന്ത്യ പലതും പഠിക്കേണ്ടത്.
നമ്മൾ കേരളീയർ ആദ്യം മനുഷ്യരാണ്.
ആത്യന്തികമായും മനുഷ്യരാണ്. അതിനു ശേഷം മാത്രമെ ഹിന്ദുവും മുസ്ലീമും കൃസ്ത്യനുമൊക്കെയാവുന്നുള്ളൂ.