KeralaNEWS

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണം

കോട്ടയം:  എ ഗ്രേഡ് സ്‌റ്റേഷനുകളിൽ കേരളത്തിലെ തന്നെ ഒന്നാം നിരയിൽ ഉള്ള സ്‌റ്റേഷനാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ.നിലവിൽ ഏഴ് പ്ലാറ്റ്ഫോമുകൾ ഇവിടെയുണ്ട്.അടുത്തിടെ പാതയിരട്ടിപ്പിക്കലിനോടനുബന്ധിച്ച് സ്‌റ്റേഷൻ വികസിപ്പിച്ചെങ്കിലും ട്രെയിൻ സർവീസുകളൊന്നും ഇവിടെ പുതുതായി ഉണ്ടായിട്ടില്ല-വന്ദേഭാരത് ഒഴികെ !
സ്റ്റേഷൻ വികസനത്തോടെ കോട്ടയം-സേലം, കോട്ടയം-മധുര രാത്രികാല വണ്ടികൾ ഉൾപ്പെടെ നിരവധി ട്രെയിനുകൾ ഇവിടെ നിന്നും ആരംഭിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല.അതേപോലെ
കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് പകൽ നേരത്ത് ഇവിടെ നിന്നും വണ്ടികൾ തീരെ കുറവുമാണ്.2020 മാർച്ച് വരെ കോട്ടയം വഴി ആയിരുന്ന കൊച്ചുവേളി ഡെറാഡൂൺ ലോക്ക്ഡൗൺ കഴിഞ്ഞപ്പോൾ കൊച്ചുവേളി ഋഷികേശ് റൂട്ടിൽ ആലപ്പുഴ വഴിയാക്കി മാറ്റി.ഇതോടെ പകൽ പരശുറാം പോയി കഴിഞ്ഞാൽ പിന്നെ വടക്കോട്ട് വണ്ടികൾ ഇല്ലെന്ന അവസ്ഥ.ഇതിനൊരു അപവാദമായി പറയാവുന്നത് ഞായർ, വ്യാഴം ദിവസങ്ങളിൽ ഉള്ള ഗരീബ് രഥ് ആണ്. പിന്നെ രാത്രി 6:30 വരുന്ന വീക്ക്ലി കൊങ്കൺ ട്രെയിനുകൾ.
 അതേസമയം ആർക്കും ഒരിക്കലും പ്രയോജനപ്പെടരുത് എന്നുറപ്പിച്ച് നടത്തുന്ന ട്രെയിൻ സർവീസുകൾ ധാരാളമുണ്ടുതാനും.ഉദാഹരണത്തിന് കായംകുളം-എറണാകുളം മെമു.പണ്ട് വൈകിട്ട് 6:30  ന് കോട്ടയം എത്തിയിരുന്ന പാസഞ്ചർ ഇന്ന് മെമു ആക്കി 4 മണിയോടെയാണ് കോട്ടയത്ത് എത്തുന്നത്.പഴയ സമയമായിരുന്നെങ്കിൽ കായംകുളം തൊട്ടുള്ള ജോലിക്കാർക്ക് പ്രയോജനപ്പെടുമായിരുന്നു.രാവിലെ എറണാകുളം കോട്ടയം പാസഞ്ചറും ഗുരുവായൂർ പുനലൂർ എക്സ്സ്പ്രസും പോയി മിനിറ്റുകൾക്കുള്ളിൽ ഇത് വരികയും ചെയ്യും.
ട്രെയിൻ മാത്രം ആശ്രയിച്ച് ഒട്ടേറെ യാത്രക്കാർ ദിനവും യാത്ര ചെയ്യുന്ന കൊല്ലം–കോട്ടയം–എറണാകുളം റൂട്ടിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളിൽ വീണ്ടും ആരംഭിച്ചത് രണ്ടേ രണ്ടെണ്ണം മാത്രം.വിദ്യാർഥികൾ, സർക്കാർ–സ്വകാര്യ ഓഫിസ് ജീവനക്കാർ തുടങ്ങി സ്ഥിരം യാത്രക്കാർ ഏറ്റവും അധികം ആശ്രയിച്ചിരുന്നത് പാസഞ്ചർ ട്രെയിനുകളെയാണ്.
എറണാകുളം–കോട്ടയം–കൊല്ലം മെമു, കോട്ടയം–കൊല്ലം എന്നീ പാസഞ്ചർ ട്രെയിനുകളാണ് കോട്ടയം പാതയിൽ ആകെ പുനഃസ്ഥാപിച്ചത്.വൈകിട്ട് 6ന് കോട്ടയത്തുനിന്ന് പുറപ്പെട്ടിരുന്ന കോട്ടയം–കൊല്ലം പാസഞ്ചർ അടക്കം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും റയിൽവെ ഇതൊന്നും കേട്ട മട്ടില്ല.

മറ്റൊന്നാണ് ട്രെയിനുകളുടെ സമയമാറ്റം. വന്ദേഭാരതിനായി പാലരുവിയുടെ കോട്ടയത്തെ സമയം പുലര്‍ച്ചെ 06 55 ലേയ്ക്ക് മാറ്റിയതോടെ റെയില്‍വേ കടുത്ത ദുരിതമാണ് യാത്രക്കാര്‍ക്ക് സമ്മാനിച്ചത്. ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുൻപ് സ്റ്റേഷനുകളില്‍ എത്തിച്ചേരാന്‍ കഴിയാതെ എറണാകുളത്തും മറ്റും ജോലി നോക്കുന്നവര്‍ ഇപ്പോള്‍ ജോലി ഉപേക്ഷിക്കേണ്ട ഗതികേടിലാണുള്ളത്.

 

Signature-ad

വന്ദേഭാരതിന് വേണ്ടി വേണാട് 10 മിനിറ്റ് വൈകിയാണ് ഇപ്പോള്‍ രാവിലെ പുറപ്പെടുന്നത്.അതുകൊണ്ട് തന്നെ രാവിലെ എറണാകുളത്ത് ഓഫീസ് സമയം പാലിക്കുവാന്‍ ഏക ആശ്രയമായ പാലരുവിയിലെ ജനറല്‍ കോച്ചുകളില്‍ യാത്രക്കാര്‍ തിങ്ങിഞെരിയുകയാണ്.പാലരുവി പിടിക്കണമെങ്കില്‍ ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ സൂര്യനുദിക്കും മുൻപേ വീടുകളില്‍ നിന്ന് പുറപ്പെടേണ്ട അവസ്ഥയുമാണുള്ളത്.

 

വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 2 .70 കോടിയോളം ട്രെയിന്‍ യാത്രക്കാര്‍ക്ക് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ യാത്ര ഉപേക്ഷിക്കേണ്ടി വന്നതായാണ് റിപ്പോർട്ട്.രാജ്യത്തെ തിരക്കേറിയ റൂട്ടുകളില്‍ ട്രെയിനുകളുടെ കുറവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.കോട്ടയത്ത് നിലവിൽ ഏഴ് പ്ലാറ്റ്ഫോം വന്നതോടെ കൂടുതൽ ട്രെയിനുകൾക്ക് ഇവിടെ നിന്നും സർവീസ് ആരംഭിക്കാൻ സാധിക്കും.

 

കോട്ടയം പാതയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന പാസഞ്ചറുകൾ

∙ വൈകിട്ട് 6ന് കോട്ടയത്തുനിന്ന് പുറപ്പെട്ടിരുന്ന കൊല്ലം പാസഞ്ചർ

∙ രാവിലെ 5.50ന് എറണാകുളത്തുനിന്ന് പുറപ്പെട്ടിരുന്ന കൊല്ലം മെമു

∙ വൈകിട്ട് 5.05ന് കായംകുളത്തുനിന്ന് പുറപ്പെട്ടിരുന്ന എറണാകുളം പാസഞ്ചർ

∙ വൈകിട്ട് 5.20ന് കോട്ടയത്തുനിന്ന് പുറപ്പെട്ടിരുന്ന എറണാകുളം പാസഞ്ചർ

∙ ഉച്ചയ്ക്ക് 2.20ന് എറണാകുളത്തുനിന്ന് പുറപ്പെട്ടിരുന്ന കൊല്ലം മെമു

∙ രാവിലെ 7.50ന് കൊല്ലത്തുനിന്ന് പുറപ്പെട്ടിരുന്ന എറണാകുളം മെമു

Back to top button
error: