KeralaNEWS

മാങ്ങയേക്കാൾ വിലയുള്ള മാവില; അറിയാം കുറ്റ്യാട്ടൂർ മാവിന്റെ വിശേഷങ്ങൾ

മാങ്ങയേക്കാൾ വിലയുള്ള മാവിലയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണുന്ന കുറ്റ്യാട്ടൂർ മാങ്ങയെ (Kuttiattoor Mango)കുറിച്ച് അറിയണം. പൽപ്പൊടി ഉത്പാദനത്തിന് കുറ്റ്യാട്ടൂർ മാവിലയാണ് മികച്ചതെന്ന് കണ്ടെത്തിയതോടെയാണ് മാങ്ങയേക്കാൾ ഡിമാന്റ് മാവിലയ്ക്ക് ഉണ്ടായത്.

കാസർകോഡ് നീലേശ്വരം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഇന്നൊവെല്‍നസ് നിക്ക’യാണ് കുറ്റ്യാട്ടൂർ മാവില ഉപയോഗിച്ച് പൽപ്പൊടി നിർമിക്കാൻ രംഗത്തെത്തിയത്. ഗുണനിലവാരമുള്ള ഇല കുറ്റിയാട്ടൂര്‍ മാവിനാണന്ന് കണ്ടെത്തിയതോടെ കമ്പനി മാവില ശേഖരിച്ചു തുടങ്ങുകയായിരുന്നു. കിലോയ്ക്ക് 150 രൂപയാണ് മാവിലയ്ക്ക് കമ്പനി നൽകുന്നത്.അതേസമയം ഒന്നര കിലോ മാമ്പഴം നൂറ് രൂപയ്ക്ക് ലഭിക്കും.

കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന കുറ്റ്യാട്ടൂർ മാങ്ങ നമ്പ്യാർ മാങ്ങ എന്നും അറിയപ്പെടുന്നുണ്ട്. സാധാരണ മാങ്ങയുടേതിനേക്കാൾ വലിപ്പമുള്ള കുറ്റ്യാട്ടൂർ മാങ്ങ പഴുത്തു കഴിഞ്ഞാൽ രുചി കൂടും. ജനുവരി മാസത്തോടെ പൂത്ത് മാർച്ച്, ഏപ്രിൽ മാസത്തോടെയാണ് മാങ്ങ പാകമാകുന്നത്.

Signature-ad

കുറ്റ്യാട്ടൂരിലെ പ്രധാന കാർഷിക ഉത്പന്നം കൂടിയാണ് ഈ മാങ്ങ.നാട്ടുമാവിനങ്ങളെ പോലെ അധികം ഉയരത്തിൽ വളരാത്ത മാവിനമാണ് കുറ്റ്യാട്ടൂർ മാവ്.ഭൗമസൂചികയില്‍ ഇടം പിടിച്ച കുറ്റ്യാട്ടൂർ മാവ് കുറ്റ്യാട്ടൂർ പഞ്ചായത്തിൽ മാത്രം ശരാശരി 50 കോടി രൂപയുടെ വ്യാപാരമാണ് പ്രതിവർഷം നടത്തുന്നത്.

കൂടുതൽ  നാരും നല്ല മധുരവും  പോഷകമൂല്യവുമുള്ള കൂറ്റ്യാട്ടൂർ മാങ്ങ വിപണിയിലെ പ്രിയ ഇനമാണ്‌. ജില്ലയിൽ പ്രതിവർഷം 100 കോടി രൂപയുടെ കുറ്റ്യാട്ടൂർ മാങ്ങ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.

 

മയ്യിൽ, കുറുമാത്തൂർ, മലപ്പട്ടം, കൊളച്ചേരി, നാറാത്ത്, മുണ്ടേരി, കൂടാളി തുടങ്ങിയ സമീപ പഞ്ചായത്തുകളിലും മലയോര മേഖലകളിലും കുറ്റ്യാട്ടൂർ മാങ്ങ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്.

Back to top button
error: