FeatureNEWS

ഓരോ തവണ ലാൻഡ് ചെയ്യുമ്പോഴും പത്തുപതിനഞ്ചുകിലോഗ്രാം റബറാണ് വിമാനങ്ങൾ റൺവേയിൽ ബാക്കിയാക്കുന്നത്

രോ വിമാനവും ലാന്റ് ചെയ്യുമ്പോൾ ഓരോ ടയറിൽ നിന്നും ഏകദേശം 750 ഗ്രാമോളം റബർ റൺവേയിൽ അവശേഷിപ്പിക്കുന്നു.അതുവരെ അനങ്ങാതിരിക്കുന്ന ടയറുകൾ ഒറ്റ നിമിഷം കൊണ്ട് മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിൽ ഭാരമേറിയ വിമാനവുമായി റൺവേയിൽ ഇറങ്ങുന്ന ആ നിമിഷം തന്നെ വിമാനം നിർത്താനുള്ള ബ്രേക്കും പ്രവർത്തിച്ചുതുടങ്ങും.ബ്രേക്ക് പ്രവർത്തിച്ച് തുടങ്ങിയാൽ ടയറിനു മുകളിലെ താപം 500 ഡിഗ്രി ഫാരൻഹീറ്റോളം ഉയരും.ഇത് ടയർ ഉരുകി റൺവേയിലും പൈലറ്റുകൾക്ക് വഴികാട്ടാനായി പിടിപ്പിച്ചിട്ടുള്ള ലൈറ്റുകളിലും തേഞ്ഞുപിടിക്കുന്നതിന് കാരണമാകുന്നു.
A380 വിമാനത്തിന് 22 ടയറുകൾ ഉണ്ട്. ഓരോ തവണ ഇറങ്ങുമ്പോഴും പത്തുപതിനഞ്ചുകിലോഗ്രാം റബർ ആ വിമാനം റൺവേയിൽ ബാക്കിയാക്കുന്നു.
റൺവേയിൽ നിന്നും റൺവേയിലെ ലൈറ്റുകളിൽ നിന്നും ഈ റബ്ബർ നിരന്തരം നീക്കം ചെയ്യേണ്ടതുണ്ട്, അല്ലങ്കിൽ റൺവേയുടെ ഘർഷണം നഷ്ടപ്പെടുകയും വിമാനങ്ങൾ കൃത്യമായി ബ്രേക്ക് ചെയ്യാൻ പറ്റാതെ അപകടത്തിൽപ്പെടുകയും ചെയ്യും. ദിവസവും 650 വിമാനങ്ങൾ ഒക്കെയിറങ്ങുന്ന ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഓരോ ദിവസവും റൺവെയിൽ അടിയുന്നത് ഏതാണ് 5000 കിലോഗ്രാമോളം റബർ ആണ്.ഇവയെല്ലാം അളക്കാനും സമയബന്ധിതമായി നീക്കം ചെയ്യാനും കൃത്യതയുള്ള ഉപകരണങ്ങൾ ഉണ്ട്.
നല്ല ചൂടുള്ള വെള്ളം അതീവശക്തിയിൽ ചീറ്റിച്ച് റബർ ഇളക്കി റബർ ചേർന്ന ആ വെള്ളം മുഴുവൻ വലിച്ചെടുത്താണ് റൺവേ വൃത്തിയാക്കുന്നത്.റൺവേയിൽ നിന്നും റബർ നീക്കം ചെയ്യുന്നത്ര പ്രാധാന്യമേറിയതാണ് റൺവേകളുടെ നിലത്തെ ലൈറ്റുകളിൽ നിന്ന് റബർ നീക്കം ചെയ്യുന്നതും. വിമാനം നിലത്തിറക്കുമ്പോൾ പൈലറ്റിന് റൺവേ എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാൻ ആ ലൈറ്റുകൾ പരമപ്രധാനമാണ്. തിരക്കുള്ള വിമാനത്താവളങ്ങളിൽ ഈ ലൈറ്റുകൾ അഴിച്ചെടുത്ത് പകരം പിടിപ്പിച്ചാണ് അവ വൃത്തിയാക്കാൻ കൊണ്ടുപോകുന്നത്.
വിമാനങ്ങളുടെ ടയറുകൾ ഉണ്ടാക്കുന്നത് റബറിനോടൊപ്പം നൈലോൺ, കെവ്‌ലാർ, ഉരുക്ക് എന്നിവയെല്ലാം ചേർത്ത് ശക്തിവർദ്ധിപ്പിച്ചാണ്.വിമാനം ഇറങ്ങുന്ന പ്രതലങ്ങൾ അനുസരിച്ച് ടയറുകളും വ്യത്യാസപ്പെടാറുണ്ട്. വലിയ വിമാനങ്ങളുടെ ടയറുകൾക്ക് 100 കിലോഗ്രാമോളം ഭാരം ഉണ്ടാവും. നിരന്തരം അവയുടെ ഗുണനിലവാരം പരിശോധിച്ചുകൊണ്ടുമിരിക്കും. എത്രകാലം ഒരു ടയർ ഉപയോഗിക്കാം എന്നതെല്ലാം വിമാനത്തിന്റെ വലിപ്പവും ഇനവും ഭാരവും എല്ലാം ആശ്രയിച്ചാണ് ഇരിക്കുന്നത്.
എന്നാലും പലപ്പോഴും പരമവധി 250 തവണ ഇറങ്ങുന്നതുവരെയൊക്കെ അവ ഉപയോഗിക്കാനാവും, എന്തെങ്കിലും കേടുപാടുകൾ കണ്ടാൽ അപ്പോൾത്തന്നെ അവ മാറ്റേണ്ടതുണ്ട്. കനത്ത ചൂട്, തണുപ്പ്, ആർദ്രത എന്നിവയെല്ലാം ടയറുകളുടെ ആയുസിനെ ബാധിക്കുന്ന കാര്യങ്ങളാണ് .
ഏറ്റവും വലിയ വിമാനങ്ങളിൽ ഒന്നായ A380 യുടെ ഒരു ടയറിനുമാത്രം 120 കിലോഗ്രാം ഭാരം ഉണ്ടാവും.ഇത്തം 22 ടയറുകളാണ് 560 ടൺ ഭാരമുള്ള വിമാനത്തെ നിലത്തിറക്കുന്നത്.180 തവണ ലാന്റുചെയ്യാൻ കഴിയുന്ന ഈ ടയറുകൾക്ക് ഓരോന്നിനും നാലുലക്ഷം രൂപയോളമാണ് വില.

Back to top button
error: