ഇംഫാല്‍ താഴ്വരയില് ശനിയാഴ്ച ഗതാഗതം പുനരാരംഭിക്കുകയും കടകള്‍ വീണ്ടും തുറക്കുകയും ചെയ്തതോടെയാണ് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയത്. എന്നാല്‍ ഇവിടങ്ങളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഈ പ്രദേശം സായുധ സേനകളുടെ കനത്ത സുരക്ഷയിലാണ്.
മരിച്ചവരില്‍ 16 പേരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലും മറ്റു 15 പേരുടെ മൃതദേഹങ്ങള്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഏഫ് മെഡിക്കല്‍ സയന്‍സിലും സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 23 പേരുടെ മൃതദേഹങ്ങൾ ലാംഫെലിലുള്ള റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സൂക്ഷിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സുരക്ഷാ സേനയുടെ ഇടപെടലുകളെ തുടര്‍ന്ന് മെച്ചപ്പെട്ടുവരികയാണെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് അറിയിച്ചു.മുഖ്യമന്ത്രി ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ എന്‍പിപി, എന്‍പിഎഫ്, സിപിഐഎം, ആംആദ്മി പാര്‍ട്ടി, ശിവ് സേന എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും എന്നാണ് വിവരം.