ന്യൂഡല്‍ഹി: അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ച രജൗറിയില്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് സൈന്യം. ‘ഓപ്പറേഷന്‍ ത്രിനേത്ര’യില്‍ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരാള്‍ക്ക് പരിക്കേറ്റതായും സൂചനകളുണ്ട്. നിരവധി ആയുധങ്ങള്‍ സൈന്യം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
വനത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ പുരോഗമിക്കുകയാണ്. രജൗറിക്കു പുറമേ ബരാമുള്ളയിലും ഒരു ഭീകരനെ കീഴ്പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജമ്മുവിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.