സെമി ബെർത്ത് ഉറപ്പിക്കാൻ അവസാന അവസരം, ശ്രീലങ്കയെ കുറഞ്ഞത് 65 റൺസിനെങ്കിലും പരാജയപ്പെടുത്തിയേ മതിയാകു, ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിങ്

കൊളംബോ: സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരേ പാക്കിസ്ഥാന് ബാറ്റിങ്. ടോസ് നേടിയ ലങ്ക ഫീൽഡിങ് തെരഞ്ഞെടുത്തു. അതേസമയം ഗ്രൂപ്പിൽ മൂന്നാമതുള്ള പാക്കിസ്ഥാന് സെമി കാണണമെങ്കിൽ ലങ്കയെ കുറഞ്ഞത് 65 റൺസിനെങ്കിലും പരാജയപ്പെടുത്തിയെ മതിയാകൂ.
സൂപ്പർ എട്ടിലെ പാക്കിസ്ഥാന്റെ അവസാന മത്സരത്തിൽ ബാബർ അസം, സയിം അയൂബ്, സൽമാൻ മിർസ എന്നിവർ കളിക്കുന്നില്ല. പകരം നസീം ഷാ, ഖവാജ നഫൈ, അബ്രാർ അഹമ്മദ് എന്നിവരെ ടീമിൽ ഉൾപെടുത്തി. കഴിഞ്ഞ മത്സരത്തിൽ ന്യൂസീലൻഡ് ഇംഗ്ലണ്ടിനോട് തോറ്റതാണ് പാക്കിസ്ഥാന് സെമി സാധ്യത തുറന്നത്. ജയിച്ചാൽ സെമി ടിക്കറ്റെടുക്കാമായിരുന്നെങ്കിലും തോൽവിയോടെ കിവീസിന്റെ കാത്തിരിപ്പ് നീണ്ടു. ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് നേരത്തേ തന്നെ സെമി ബെർത്ത് ഉറപ്പിച്ചിരുന്നു.
അതേസമയം മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് കിവീസിന് മൂന്ന് പോയന്റുണ്ട്. പാക്കിസ്ഥാന് രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റാണുള്ളത്. അവസാന മത്സരത്തിൽ ലങ്കയെ തോൽപ്പിച്ചാൽ പാക്കിസ്ഥാനും മൂന്ന് പോയന്റാകും. ഈ സമയം മികച്ച റൺറേറ്റുള്ളവർ സെമിയിലെത്തും. ലങ്കയ്‌ക്കെതിരേ 65 റൺസ് ജയമോ അല്ലെങ്കിൽ 13 ഓവറിനുള്ളിൽ ചേസ് പൂർത്തിയാക്കുകയോ ചെയ്താൽ പാക്കിസ്ഥാന് കിവീസിനെ മറികടന്ന് സെമിയിലേക്ക് കടക്കാം. ആദ്യം ബാറ്റ് ചെയ്യുന്നതിനാൽ ടീമിന് കുറഞ്ഞത് 65 ജയിക്കണം. അതിന് സാധിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ പുറത്താകും.






