കൊല്ലം: ബാറിലെ മേശയില്‍ കാല് വച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. ഓച്ചിറയിലെ ബാറിലായിരുന്നു ആക്രമണം. ഓച്ചിറ പായിക്കുഴി നന്ദുഭവനത്തില്‍ നന്ദു, കൃഷ്ണപുരം കാപ്പില്‍മേക്ക് ഷിഹാസ് മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന ക്ലാപ്പന സ്വദേശി കാക്ക ഷാന്‍ എന്ന ഷാന്‍, ഓച്ചിറ വലിയകുളങ്ങര മീനാക്ഷിഭവനത്തില് അജയ് എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ മാസം 22ന് രാത്രിയില്‍ ഓച്ചിറ പ്രയാര്‍വടക്ക് സ്വദേശി സുജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ബാറില്‍ മദ്യപിക്കാനെത്തിയവരായിരുന്നു സുജിത്തും പ്രതികളും. ബാറിനുള്ളിലെ മേശപ്പുറത്ത് സുജിത് കാല് കയറ്റിവച്ചു. ഇത് പ്രതികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണു കൊലപാതകശ്രമത്തില്‍ കലാശിച്ചത്. സുജിത്തിനെ മര്‍ദിച്ച് നിലത്തിട്ട് ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. പൊട്ടിയ കുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താനും ശ്രമിച്ചെന്നു പോലീസ് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ സുജിത്ത് കായംകുളം താലുക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സുജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, ഒളിവിലായിരുന്ന രണ്ടു പ്രതികളെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. മറ്റൊരാളെ പത്തനംതിട്ടയിലെ ഒളിസങ്കേതത്തില്‍നിന്നു കസ്റ്റഡിയിലെടുത്തു. പ്രതികളായ നന്ദു, ഷാന്‍, അജയ് എന്നിവര്‍ ഓച്ചിറ, കരുനാഗപ്പള്ളി സ്റ്റേഷന് പരിധികളിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.