CrimeNEWS

കൊട്ടിയത്ത് സൈനികനെയും കുടുംബത്തെയും വീട് കയറി മര്‍ദ്ദിച്ച് പോലീസ്; അമ്മയുടെ മുന്‍പിലിട്ട് മകനെ നിലത്തിട്ട് ചവിട്ടി

കൊല്ലം: കൊട്ടിയത്ത് സൈനികനെയും കുടുംബത്തെയും പോലീസ് വീട്ടില്‍ കയറി മര്‍ദ്ദിച്ചു. സൈന്യത്തിന്റെ മദ്രാസ് റെജിമെന്റില്‍ നായിക് ആയ മുഖത്തല സ്വദേശി കിരണ്‍കുമാറിനും കുടുംബത്തിനും നേരെ ആയിരുന്നു അക്രമം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമ്മയുടെ മുന്‍പില്‍ വെച്ച്് തറയിലേക്ക് വലിച്ചിട്ട് മൂന്ന് പോലീസുകാര്‍ ഇയാളുടെ ശരീരത്ത് കയറി ഇരുന്ന് മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനം ചെറുക്കാന്‍ കിരണ്‍ കുമാര്‍ ശ്രമിക്കുന്തോറും പോലീസുകാര്‍ കൂടുതല്‍ ബലം പ്രയോഗിക്കുന്നതും ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുന്നതും വീഡിയോയില്‍ കാണാം. അമ്മയുടെ കാലിലും പോലീസുകാര്‍ ബൂട്ടിട്ട് ചവിട്ടി. കാലിന് പൊട്ടല്‍ ഉണ്ട്.

Signature-ad

ഞായറാഴ്ച രാവിലെ എന്‍എസ്എസ് കരയോഗം യോഗത്തിനിടെ കിരണ്‍ കുമാറിന്റെ പിതാവുമായി ചിലര്‍ തര്‍ക്കമുണ്ടായി. കരയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചോദ്യം ചെയ്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ ചിലര്‍ പിടിച്ചുതളളിയെന്ന് വീട്ടുകാര്‍ പറയുന്നു. എഴുപത് വയസുളള കിരണിന്റെ അച്ഛന്‍ ഹൃദ്രോഗി കൂടിയാണ്. നിലത്തുവീണ ഇദ്ദേഹത്തെ കൂടെയുണ്ടായിരുന്ന ഒരാള്‍ ആശുപത്രിയിലാക്കി. ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് കൈയ്യില്‍ പ്ലാസ്റ്റര്‍ ഇട്ട് മടങ്ങുന്ന വഴി പിതാവ് സംഭവത്തെക്കുറിച്ച് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഇതറിഞ്ഞ കരയോഗം ഭാരവാഹികളും പരാതിയുമായി സ്റ്റേഷനിലെത്തി.

കിരണിന്റെ പിതാവ് നല്‍കിയ പരാതി അവഗണിച്ച പോലീസ് കരയോഗം ഭാരവാഹികളുടെ പരാതിയിലാണ് വീട്ടിലെത്തിയത്. എത്തിയ ഉടന്‍ തന്നെ അവനെ വിളി എന്ന് പറഞ്ഞാണ് പോലീസുകാര്‍ അകത്തേക്ക് കയറിയതെന്ന് കിരണിന്റെ ഭാര്യ പറഞ്ഞു. രാത്രി എട്ട് മണിയോടെയാണ് പോലീസുകാര്‍ വീട്ടിലെത്തിയത്. രാവിലെ കൊടുത്ത പരാതിയുടെ തുടര്‍ നടപടിക്കായി എത്തിയതാണെന്ന് ആയിരുന്നു വീട്ടുകാര്‍ കരുതിയത്. എന്നാല്‍, അച്ഛന്‍ ഇറങ്ങി വന്നിട്ടും അവനെ ഇങ്ങ് വിളി എന്ന് പറഞ്ഞ് പോലീസ് കിരണ്‍ കുമാറിനെ അന്വേഷിച്ചു.

കാര്യം അറിയാതെ ഞാന്‍ ആരുടെയും കൂടെ വരില്ലെന്ന് പറഞ്ഞ് അകത്ത് സോഫയില്‍ കയറി ഇരുന്നതോടെ പോലീസ് ബലം പ്രയോഗിച്ച് കിരണിനെ കൊണ്ടുപോകാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് തര്‍ക്കവും ബലപ്രയോഗവും മര്‍ദ്ദനവും ഉണ്ടായത്. മക്കളുടെ മുന്‍പിലിട്ടായിരുന്നു മര്‍ദ്ദനം. ഒടുവില്‍ പോലീസ് ബെഡ്ഷീറ്റും തുണിയും ഉപയോഗിച്ച് കൈയ്യും കാലും കൂട്ടിക്കെട്ടിയാണ് കിരണിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

നേരത്തെ കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പോലീസ് മര്‍ദ്ദിച്ച സംഭവം ഉള്‍പ്പെടെ വലിയ വിവാദമായിരുന്നു. സൈനികനായ വിഷ്ണുവും സഹോദരന്‍ വിഘ്നേഷുമാണ് അന്ന് മര്‍ദ്ദനത്തിന് ഇരയായത്.

 

 

 

Back to top button
error: