വിഷുവിന് തിയേറ്ററുകൾ ഉത്സവമാക്കാൻ ‘അടി’യും ‘മദനോത്സവ’വും ‘നീലവെളിച്ച’വും ‘അയൽവാശി’യും ‘നല്ല നിലാവുള്ള രാത്രി’യും ‘ശാകുന്തള’വും വരുന്നു
ഇത്തവണയും വിഷുക്കാലം ആഘോഷമാക്കാൻ ഏതാനും മികച്ച സിനിമകൾ തീയേറ്ററുകളിലെത്തും. മലയാള സിനിമയിലെ ഏറ്റവും വലിയ ഫെസ്റ്റിവൽ സീസണുകളിൽ ഒന്നായാണ് വിഷു റിലീസ് കണക്കാക്കുന്നത്. വേനൽക്കാല അവധി കൂടിയതിനാൽ തീയേറ്ററുകളിലേക്ക് പ്രേക്ഷകർ ഇരച്ചെത്തുന്ന കാഴ്ചയാണ് സാധാരണ കാണാനാവുക. അടി, മദനോത്സവം, നീലവെളിച്ചം, അയൽവാശി, നല്ല നിലാവുള്ള രാത്രി തുടങ്ങിയ ചിത്രങ്ങൾ വിഷു റിലീസ് ആണ്.
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവം ഏപ്രിൽ 14ന് പ്രദർശനത്തിനെത്തും. ഒരു കോമഡി എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് സൂചന. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്.
ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ’അടി’ ഏപ്രിൽ 14ന് റിലീസ് ചെയ്യും. സാമന്ത, ദേവ് മോഹൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ ’ശാകുന്തള’വും ഏപ്രിൽ 14ന് റിലീസ് ചെയ്യും. കാളിദാസന്റെ അഭിജഞാന ശാകുന്തളം ആസ്പദമാക്കിയുള്ള സിനിമയില്‍ ശകുന്തളയായി എത്തുന്നത് സാമന്തയാണ്. ദുഷ്യന്തനാകുന്നത് മലയാളി താരം ദേവ് മോഹനും.
കേരളത്തെ നടുക്കിയ 2018ലെ മഹാപ്രളയത്തെ ആധാരമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രം ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ ഏപ്രിൽ 21ന് തിയറ്ററുകളിൽ എത്തും. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 20ന് പ്രദർശനത്തിനെത്തും. വൈക്കം മുഹമ്മദ് ബശീറിന്റെ ‘ഭാർഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘അയൽവാശി’ ഏപ്രിൽ 21ന് തീയറ്ററുകളിൽ എത്തും. തല്ലുമാലയുടെ വൻ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും, തല്ലുമാലയുടെ എഴുത്തുകാരൻ മുഹ്സിൻ പരാരി സഹനിർമ്മാതാവുമായാണ് ചിത്രം നിർമ്മിക്കുന്നത്.