60വയസ്സുകാർ നിർബന്നമായും അറിഞ്ഞിരിക്കുക, നടത്തം ആയൂർ ദൈർഘ്യം വർദ്ധിപ്പിക്കും. ആരോഗ്യത്തിന് അത്യന്താപേക്ഷിതം; അകാലമരണത്തെ ചെറുക്കും
പ്രഭാതസവാരി പലർക്കും ഒരു ഫാഷനാണ്. പക്ഷേ ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്നതിൽ ഈ നടത്തത്തിന് വളരെ വലിയ പങ്കുണ്ട്. നടത്തത്തിന്റെ ഗുണത്തെക്കുറിച്ച് പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ആഴ്ച്ചയിൽ എണ്ണായിരം ചുവടുകൾ വെക്കുന്നത് അകാല മരണസാധ്യത കുറയ്ക്കും എന്നാണ് പുതിയൊരു പഠനം പറയുന്നത്.
ക്യോട്ടോ സർവകലാശാലയിലെയും കാലിഫോർണിയ സർവകലാശാലയിലെയും ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. ലോസ്ആഞ്ചലീസ് സിറ്റിയിലെ 3100 പേരുടെ ഡേറ്റയാണ് ഇതിനായി അവലോകനം ചെയ്തത്. ആഴ്ച്ചയിൽ ഏതാനും ദിവസങ്ങൾ മാത്രം നടക്കുന്നതുപോലും ഇവരുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നു എന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.
ഈ നിരീക്ഷണം 2005-’06 കാലയളവിലായിരുന്നു. ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണായിരം ചുവടുകൾ വെക്കുന്നവർ തീരെ നടക്കാത്തവരെ അപേക്ഷിച്ച് പത്തുവർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത 14 ശതമാനം കുറവാണെന്ന് ഗവേഷകർ കണ്ടെത്തിയത്. ആഴ്ച്ചയിൽ ഇതിൽ കൂടുതൽ നടക്കുന്നവരിൽ വീണ്ടും മരണസാധ്യത കുറയുന്നു എന്നും കണ്ടെത്തി. അറുപതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് നടത്തം ആരോഗ്യത്തിന് കൂടുതൽ ഗുണകരമായത്.
നടത്തത്തിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് അടുത്തിടെയും പഠനങ്ങൾ നടന്നിരുന്നു. ബ്രിട്ടീഷ് ജേർണൽ ഓഫ് സ്പോർട്സ് മെഡിസിനിൽ ഈ മാസമാദ്യം ഇതുസംബന്ധിച്ച പഠനം പുറത്തുവന്നു. പ്രസ്തുത പഠനവും നടത്തം മരണസാധ്യത കുറയ്ക്കുന്നതിനെ കുറിച്ചുളള വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. കേംബ്രിജ് സർവകലാശാലയിലെ ഗവേഷകരായിരുന്നു പഠനത്തിനു പിന്നിൽ. നടത്തം ഉൾപ്പെടെയുള്ള ശാരീരിക വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരിൽ അകാലമരണം പത്തുശതമാനത്തോളം തടയാം എന്നായിരുന്നു പഠനത്തിൽ പറഞ്ഞിരുന്നത്.
മിതമായ ശാരീരിക വ്യായാമങ്ങൾ ഹൃദ്രോഗങ്ങളും കാൻസറും പ്രതിരോധിക്കാൻ സഹായിക്കുമെന്നും പഠനം വ്യക്തമാക്കിയിരുന്നു. ദിവസത്തിൽ പതിനൊന്ന് മിനിറ്റെങ്കിലും നടത്തം ഉൾപ്പെടെയുള്ള മിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഹൃദ്രോഗം, സ്ട്രോക്ക്, പലവിധം കാൻസറുകൾ എന്നിവയുടെ സാധ്യത കുറയ്ക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ആഴ്ച്ചയിൽ എഴുപത്തിയഞ്ച് മിനിറ്റോളം ഇത്തരം വ്യായാമങ്ങളിൽ ഏർപ്പെടുന്നത് ഹൃദ്രോഗ സാധ്യത 17 ശതമാനവും കാൻസർ സാധ്യത ഏഴുശതമാനവും കുറയ്ക്കുമെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം മരണത്തിനു കാരണമാകുന്ന പ്രധാനരോഗങ്ങളിൽ ഹൃദ്രോഗവും സ്ട്രോക്കുമാണ് മുന്നിൽ. 2019ലെ കണക്കു പ്രകാരം ആഗോളതലത്തിൽ പ്രതിവർഷം 17.9 മില്യൺ പേരുടെ ജീവനാണ് ഈ രോഗങ്ങൾ കവരുന്നത്. 2017ലെ കണക്കുകൾ പ്രകാരം 9.6 മില്യൺ ആളുകളുടെ മരണത്തിന് കാരണമാകുന്നത് പലവിധ കാൻസറുകളാണ്.
മടിയന്മാർക്ക് നടപ്പ് തുടങ്ങാൻ ചില ലളിത വഴികൾ
രണ്ടുനില കെട്ടിടം കയറുമ്പോഴെങ്കിലും ലിഫ്റ്റ് ഒഴിവാക്കി നടക്കാൻ ശീലിക്കുക.
ഓരോ മണിക്കൂറിലും ഇടവേളയെടുത്ത് അൽപം നടന്നുവരാം.
ഫോൺകോൾ വരുമ്പോൾ നടന്ന് സംസാരിക്കുന്നത് ശീലമാക്കാം.
വലിയ കുപ്പികളിൽ വെള്ളം നിറയ്ക്കുന്നതിനു പകരം ചെറിയ കുപ്പികളെടുക്കാം. അപ്പോൾ ഇടയ്ക്കിടെ വെള്ളം നിറയ്ക്കാനായി നടക്കാം.
ഓർത്തിരിക്കുക, ചെറിയൊരു നടത്തം പോലും ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.