ന്യൂഡല്‍ഹി: ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്കിയ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്മാരായ വി രാമസുബ്രമണ്യം, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. ഇതോടെ തമിഴ്നാട്ടില്‍ നിശ്ച്ചയിച്ച സ്ഥലങ്ങളില്‍ ആര്‍എസ്എസ്സിന് റൂട്ട് മാര്‍ച്ച് നടത്താനാകും.
നിയന്ത്രണങ്ങള്‍ ഇല്ലാതെ റൂട്ട് മാര്‍ച്ച് അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴി വച്ചേക്കുമെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ വാദം. റൂട്ട് മാര്‍ച്ചിന് എതിരല്ല, എന്നാല്‍ കര്‍ശന ഉപാധികളോടെ മാത്രമേ മാര്‍ച്ച് അനുവദിക്കാന്‍ ആകൂവെന്നും തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ മദ്രാസ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് കര്‍ശന ഉപാധികളോടെ റൂട്ട്മാര്‍ച്ചിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഡിവിഷന് ബെഞ്ച് ഉപാധികളില്‍ ഇളവ് വരുത്തിയിരുന്നു. ഇതിനെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.