ബംഗളൂരു: ബന്ദിപ്പുര്‍ കടുവാസങ്കേതത്തില്‍ കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാര്‍ഷികം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ദിപുരിലെത്തി. കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്‌ലാഷ് ടീ ഷര്‍ട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് മോദി കടുവ സങ്കേതത്തില്‍ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഇന്ദിരാ ഗാന്ധിക്കു ശേഷം ബന്ദിപ്പൂര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. കടുവ, സിംഹം, ചെന്നായ, പുള്ളിപ്പുലി തുടങ്ങി 7 വിഭാഗം മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ ബിഗ് കാറ്റ്‌സ് അലയന്‍സിനും (ഐബിസിഎ) പ്രധാനമന്ത്രി ഇവിടെ തുടക്കമിടും.
Prime Minister Narendra Modi visited Bandipur Tiger Reserve in Karnataka today. pic.twitter.com/dKzLub0qY8
— ANI (@ANI) April 9, 2023
കടുവ സംരക്ഷണത്തില്‍ സര്‍ക്കാര്‍നയം വ്യക്തമാക്കുന്ന ‘അമൃത് കാല്‍’ പ്രസിദ്ധീകരണവും പ്രത്യേക നാണയവും പ്രകാശനം ചെയ്യും. രാവിലെയാണ് ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ മോദി സഫാരി നടത്തിയത്. തുടര്‍ന്നു തമിഴ്‌നാട്ടിലെ മുതുമലൈ തേപ്പക്കാട് ആനത്താവളം സന്ദര്‍ശിക്കും. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ നേടിയ ‘ദ് എലിഫന്റ് വിസ്പറേഴ്‌സിലെ’ ആനക്കാരായ ബൊമ്മനും ബെല്ലിയുമായി കൂടിക്കാഴ്ചയുമുണ്ട്. വീണ്ടും മൈസൂരുവിലേക്ക് മടങ്ങിയെത്തിയാണ് റിപ്പോര്‍ട്ട് പുറത്തിറക്കുക.
1970ല്‍ കടുവാവേട്ട ഇന്ത്യയില്‍ നിരോധിച്ചു. ഇന്ത്യയില്‍ കടുവകളെ സംരക്ഷിക്കാന്‍ പ്രോജക്ട് ടൈഗര്‍ എന്ന പേരില്‍ സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടുവന്നത് 1973ലാണ്. അന്ന് രാജ്യത്ത് 9 കടുവാസംരക്ഷണ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇന്നത് 53 എണ്ണമായി ഉയര്‍ന്നു; 75,500 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം. ലഭ്യമായ കണക്കനുസരിച്ച് ഇന്ത്യയിലെ വനങ്ങളില്‍ 3000 കടുവകളാണ് ഉള്ളത്; ആഗോളതലത്തിലെ കടുവകളില്‍ 70 ശതമാനവും ഇന്ത്യയിലാണ്.