സത്യനും ശാരദയും നായികാനായകന്മാരായ എം.ടിയുടെ ‘പകൽക്കിനാവ്’ പ്രേക്ഷകരിലെത്തിയിട്ട് ഇന്ന് 57 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
എം.ടി വാസുദേവൻ നായരുടെ രചനയിൽ എസ്.എസ് രാജൻ സംവിധാനം ചെയ്‌ത ‘പകൽക്കിനാവി’ന് 57 വർഷം പഴക്കം. 1966 ഏപ്രിൽ 8 നായിരുന്നു സത്യനും ശാരദയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്. സ്നേഹസീമ, തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ പഴയകാല ചിത്രങ്ങളുടെ സംവിധായകനാണ് എസ്.എസ് രാജൻ. സ്ത്രീലമ്പടനായ ഒരാളുടെ മനംമാറ്റമാണ് ‘പകൽക്കിനാവി’ലെ പ്രമേയം. പി ഭാസ്‌ക്കരൻ-ബി.എ ചിദംബരനാഥ് ടീമിന്റെ ഗാനങ്ങൾ, പകൽക്കിനാവിൻ സുന്ദരമാകും, നിദ്ര തൻ നീരാഴി, കേശാദി പാദം തൊഴുന്നേൻ – അവയുടെ ലാളിത്യസൗകുമാര്യം കൊണ്ട് തലമുറകളിലേയ്ക്ക് കടന്ന് ഇന്നും ക്ലാവ് പിടിക്കാതെ നിലകൊള്ളുന്നു.
ആഡംബരം ജീവിതത്തിന്റെ മുഖമുദ്രയാക്കിയ സത്യൻ. കുടുംബ പ്രാരബ്ധങ്ങൾ ചുമലിലേറ്റി ഒരു ജോലിക്കായി അലയുന്ന നെല്ലിക്കോട് ഭാസ്‌ക്കരൻ. ജീവിതത്തിന്റെ രണ്ട് മുഖങ്ങൾ. മൂന്നാമതൊരു മുഖം – ശാരദ – ത്രികോണ പ്രണയകാരണമായി കഥയിൽ വരുന്നു. നെല്ലിക്കോട് രക്ഷകനായെങ്കിലും സത്യന്റെ കൂടെ കറങ്ങി ശാരദ ഗർഭിണിയായി. അപ്പോൾ പ്രേമഭാജനം സത്യന് കറിവേപ്പിലയായി. പിന്നെയും രക്ഷകൻ നെല്ലിക്കോട് തന്നെ (അത് എംടിയുടെ ഒരു രചനാബാധയാണ് – ചൂലെടുത്ത് അടിച്ചിറക്കിയാലും പിന്നെയും സ്നേഹത്തിന്റെ പിന്നാലെ പുരുഷൻ വാലാട്ടും).
ഇതിനിടെ നായിക മരിച്ചു. നായകൻ നാട്ടിൽ മറ്റൊരു യുവതിയെ കണ്ടു, ബോധിച്ചു. പക്ഷെ യുവതിയുടെ കൂടെ ഒരു കുട്ടിയുണ്ട്. യുവതിയുടെ മരിച്ചു പോയ ചേച്ചിയുടെ മകളാണ് ആ കുട്ടി. ആ അശ്രീകരത്തെ ഒഴിവാക്കണം. കുട്ടിയോട് അയാൾക്ക് കോപമായി. പിന്നെയല്ലേ കാര്യങ്ങൾ വെളിപ്പെടുക. കുട്ടി അയാളുടെ മകളാണ്. മരിച്ചു പോയ ചേച്ചി പഴയ ശാരദയാണ്.
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം (യേശുദാസ്), ഗുരുവായൂരുള്ളൊരു (ജാനകി) എന്നീ പാട്ടുകൾ കൂടിയുണ്ട് ചിത്രത്തിൽ.