KeralaNEWS

കെടിയു താൽക്കാലിക വി.സി. നിയമനത്തിന് മൂന്ന് അംഗ പാനൽ ഗവർണർക്ക് നല്‍കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെടിയു താൽക്കാലിക വി സി നിയമനത്തിന് മൂന്ന് അംഗ പാനൽ ഗവർണർക്ക് നൽകി സംസ്ഥാന സർക്കാർ. ഡിജിറ്റൽ വി സി സജി ഗോപി നാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്, സി ഇ ടിയിലെ പ്രൊഫസർ അബ്ദുൽ നസീർ എന്നിവരാണ് സർക്കാർ നൽകിയ പട്ടികയിലുള്ളത്. സിസ തോമസ് മറ്റന്നാൾ വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി. കെടിയു താൽക്കാലിക വി സി നിയമനത്തിൽ സർക്കാരിന് വഴങ്ങിയ ഗവർണർ സർക്കാരിന് താൽപര്യമുള്ളവരുടെ പേരുകൾ നൽകാൻ ആവശ്യപ്പെട്ടിരുന്നു.

വൻ പോരാണ് കെടിയു വിസി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണരും തമ്മിൽ നടന്നത്. ഡിജിറ്റൽ വിസി സജി ഗോപിനാഥ് അടക്കം സർക്കാർ നിർദേശിച്ച പേരുകൾ തള്ളി കൊണ്ടാണ് ഗവർണർ സിസ തോമസിന് വിസിയുടെ താൽക്കാലിക ചുമതല നൽകിയത്. സിസയുടെ കാലാവധി 31 ന് തീരാൻ ഇരിക്കേയാണ് രാജ്ഭവൻ കടും പിടുത്തം വിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞ ദിവസം കത്ത് നൽകിയത്. ഒന്നുകിൽ സജി ഗോപിനാഥിന് അല്ലെങ്കിൽ സർക്കാർ നിർദേശിക്കുന്ന വ്യക്തിക്ക് ചുമതല നൽകാം എന്നാണ് രാജ്ഭവനിൽ നിന്നുള്ള കത്ത്. കേരള സർവകലാശാലയിലെ 15 സേനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Signature-ad

സിസ തോമസിന്റെ നിയമന രീതിയെയും കോടതി ചോദ്യം ചെയ്തിരുന്നു. വീണ്ടും സർക്കാർ കോടതിയിൽ പോയാൽ തിരിച്ചടി ഉണ്ടാകും എന്ന് കരുതിയാണ് രാജ്ഭവൻറെ പുതിയ നീക്കം. കെടിയു വിസി ആയിരുന്ന രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് പ്രകാരം സജി ഗോപിനാഥനും അയോഗ്യനാണ് എന്നായിരുന്നു രാജ്ഭവൻറെ നിലപാട്. അതടക്കം തിരുത്തിയായിരുന്നു ഇപ്പോഴത്തെ കീഴടങ്ങൽ.

Back to top button
error: