CrimeNEWS

യു.പി. പോലീസിന്റെ പദ്ധതി എനിക്കറിയാം, അവരെന്നെ കൊല്ലും; ഭയന്ന് വിറച്ച് ആതിഖ് അഹമ്മദ്

അഹമ്മദാബാദ്: യു.പി. പോലീസ് തന്നെ കൊലപ്പെടുത്തുമെന്ന് ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ ജനപ്രതിനിധിയുമായ ആതിഖ് അഹമ്മദ്. ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് ഉത്തര്‍പ്രദേശ് പോലീസ് സംഘം പ്രയാഗ് രാജിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പായിരുന്നു ആതിഖിന്റെ പ്രതികരണം.

”കൊല്ലപ്പെടും, കൊല്ലപ്പെടും” എന്നാണ് ആതിഖ് അഹമ്മദ് ജയിലിന് പുറത്തുവെച്ച് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്. തനിക്ക് അവരുടെ പദ്ധതിയറിയാമെന്നും അവര്‍ക്ക് തന്നെ കൊല്ലുകയാണ് വേണ്ടതെന്നും ആതിഖ് പറഞ്ഞു.

Signature-ad

ഞായറാഴ്ചയാണ് ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് ആതിഖ് അഹമ്മദിനെ യു.പി. പോലീസ് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോയത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വൈകിട്ട് ആറുമണിയോടെ കനത്ത സുരക്ഷയിലാണ് പ്രതിയെ പുറത്തിറക്കിയത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയായ ആതിഖിനെ ചൊവ്വാഴ്ചയാണ് പ്രയാഗ് രാജിലെ കോടതിയില്‍ ഹാജരാക്കേണ്ടത്.

മുന്‍ എം.പിയും എം.എല്‍എയുമായ ആതിഖ് അഹമ്മദ് നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005-ല്‍ ബി.എസ്.പി. എം.എല്‍.എ. രാജു പാല്‍ കൊല്ലപ്പെട്ട കേസിലും ആതിഖിനെതിരേ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ കേസിലെ സാക്ഷിയായ ഉമേഷ് പാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിലും ആതിഖിന് പങ്കുണ്ടെന്നാണ് ആരോപണം.

2019-ല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. അതേസമയം, ഉമേഷ്പാല്‍ കൊലക്കേസില്‍ തനിക്ക് പങ്കില്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും അവകാശപ്പെട്ട് ആതിഖ് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. യു.പി. പോലീസ് വ്യാജ ഏറ്റമുട്ടലിലൂടെ തന്നെ വധിക്കുമെന്നും തനിക്ക് സുരക്ഷ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

 

Back to top button
error: