ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിലെ പ്രതിപക്ഷ തന്ത്രം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ തൃണമൂല്‍ േകാണ്‍ഗ്രസിന്റെ ‘സര്‍പ്രൈസ് എന്‍ട്രി’. തൃണമൂലിനെ പ്രതിനിധീകരിച്ച് പ്രസൂണ്‍ ബാനര്‍ജിയും ജവഹര്‍ സിര്‍ക്കറും പങ്കെടുത്തു. 17 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.
അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അണിഞ്ഞെത്തി. കറുത്ത വസ്ത്രം ധരിച്ച് വരാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി, ആര്‍എസ്പി നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവര്‍ക്കുപുറമേ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും കറുത്ത വസ്ത്രമണിഞ്ഞെത്തി. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി, ശിവസേന (ഉദ്ധവ് വിഭാഗം) എന്നിവരും ‘കറുപ്പ്’ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഇന്ന് ചേര്‍ന്നയുടന്‍ നിര്‍ത്തിവച്ചു. ഒരു മിനിറ്റ് പോലും ചേരാതെയാണ് പിരിഞ്ഞത്. സ്പീക്കറുടെ മുന്നിലെത്തി പ്ലക്കാര്‍ഡുയര്‍ത്തിയാണ് പ്രതിഷേധിച്ചത്. സോണിയ ഗാന്ധി അടക്കമുള്ളവര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി.