CrimeNEWS

ഭര്‍ത്താവുള്ള സ്ത്രീയല്ലേ, കുഴപ്പമൊന്നുമുണ്ടായില്ലല്ലോ? ദുരനുഭവം വെളിപ്പെടുത്തി അതിജീവിത

കോഴിക്കോട്: പരാതി പിന്‍വലിക്കുന്നതിന് സമ്മര്‍ദം ചെലുത്താന്‍ സമീപിച്ച പ്രതിയുടെ സഹപ്രവര്‍ത്തകര്‍ ഒട്ടും മനസാക്ഷിയില്ലാതെയാണ് തന്നോടു സംസാരിച്ചതെന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പീഡനത്തിനിരയായ യുവതി. ആശ്വസിപ്പിക്കാനെന്ന മട്ടിലെത്തിയവര്‍ വളരെ മോശമായാണ് സംസാരിച്ചത്. അറ്റന്‍ഡര്‍ ശശീന്ദ്രനെതിരായ പരാതി പിന്‍വലിച്ചാല്‍ നഷ്ടപരിഹാരം വാങ്ങിത്തരാമെന്നും ആശുപത്രിച്ചെലവ് വഹിക്കാമെന്നുമൊക്കെയാണ് അവര്‍ പറഞ്ഞത്. അറ്റന്‍ഡര്‍ തസ്തികയിലുള്ള സ്ത്രീകളടക്കമാണ് തന്റെ അടുത്തുവന്ന് സംസാരിച്ചത്.

”ഭര്‍ത്താവൊക്കെയുള്ള സ്ത്രീയല്ലേ. ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് എന്താണെന്നും കുഴപ്പമൊന്നുമുണ്ടായില്ലല്ലോ” എന്നൊക്കെയാണ് അവര്‍ പറഞ്ഞതെന്നും അതിജീവിത വെളിപ്പെടുത്തി. ഇത്തരമൊരു അവസ്ഥയില്‍ തനിക്കൊപ്പം നില്‍ക്കേണ്ടവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടായ സംസാരം തീരെ മനസാക്ഷിയില്ലാത്തതായി തോന്നി. പ്രതി കുടുംബമായി കഴിയുന്നയാളാണെന്നും അതു പരിഗണിച്ച് പരാതി പിന്‍വലിക്കണമെന്നുമൊക്കെയാണ് അവര്‍ ആവശ്യപ്പെട്ടത്. തനിക്കു കുടുംബമില്ലേയെന്ന് അവരോട് തിരികെ ചോദിച്ചു. തനിക്കു മാനസികരോഗമാണെന്ന് അവര്‍ കുറ്റപ്പെടുത്തിയതായും യുവതി പറഞ്ഞു.

Signature-ad

അതേസമയം, ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും നല്ല പിന്തുണയും സഹകരണവുമാണ് നല്‍കുന്നതെന്നും യുവതി പറഞ്ഞു. പരാതി പിന്‍വലിച്ചാല്‍ നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്നും പ്രശ്നം പരിഹരിക്കാനായി എന്തു വേണമെങ്കിലും ചെയ്യാമെന്നും ഓരോരുത്തരായി എത്തി വാഗ്ദാനം ചെയ്യുകയാണ്. സമ്മര്‍ദത്തിനു വഴങ്ങാതെ വന്നതോടെ ഭാര്യക്ക് മാനസികരോഗമാണെന്നു പറഞ്ഞു പരത്തുകയാണെന്നു യുവതിയുടെ ഭര്‍ത്താവും പറഞ്ഞു. നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്ന് തന്നോടും പറഞ്ഞിരുന്നു. സ്ത്രീ ജീവനക്കാരാണ് ഇങ്ങനെ സംസാരിച്ചത്. നിങ്ങള്‍ക്കായിരുന്നു ഇങ്ങനെയൊരു അനുഭവമെങ്കില്‍ എന്തുചെയ്യുമെന്ന് അവരോടു ചോദിച്ചു. പലവഴിക്കും സമ്മര്‍ദം തുടര്‍ന്നതോടെയാണ് ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയതെന്നും ഭര്‍ത്താവ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ ബോധമുണ്ടായിരുന്നെങ്കിലും അനസ്തീഷ്യയുടെ ക്ഷീണത്തില്‍ ശരീരം ചലിപ്പിക്കാനോ ശബ്ദമുയര്‍ത്താനോ സാധിക്കാത്ത നിലയിലായിരുന്നുവെന്ന് യുവതി പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ശ്രദ്ധിക്കാനായി ഡോക്ടര്‍മാരും നഴ്സുമാരും അങ്ങോട്ടു മാറിയ സമയത്താണ് ശശീന്ദ്രന്‍ തനിക്കരികിലെത്തി അതിക്രമം കാട്ടിയത്. ബോധം നഷ്ടപ്പെടാതിരുന്നതിനാല്‍ തനിക്ക് അയാളെ തിരിച്ചറിയാനായി. പ്രതിയുടെ നെറ്റിയിലെ ചന്ദനക്കുറി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒന്നിലേറെ തവണ മറ്റു രോഗികളുമായി അയാള്‍ ഐസിയുവില്‍ വന്നിരുന്നു. അപ്പോഴൊക്കെ കൈയില്‍ പിടിച്ചു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഉപദ്രവിച്ചത്. വീണ്ടും അയാള്‍ വരുമെന്ന് ഭയപ്പെട്ടു. നഴ്സിനോട് ആംഗ്യഭാഷയില്‍ കാര്യം പറയുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയ യുവതി അറ്റന്‍ഡറുടെ പീഡനത്തിനിരയായത്. പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്ത പ്രതി ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ നിലവില്‍ റിമാന്‍ഡിലാണ്. പീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയ സംഭവത്തില്‍ അഞ്ച് ജീവനക്കാരെ സസ്പെന്റ് ചെയ്യുകയും താത്കാലിക ജീവനക്കാരിയെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണത്തിനു പുറമേ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മൊഴി മാറ്റിപ്പറയാന്‍ യുവതിയെ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് കര്‍ശന നടപടിയെടുക്കുമെന്നുമെന്നും മന്ത്രി അറിയിച്ചു.

 

Back to top button
error: