
റാഞ്ചി: പറന്നുയര്‍ന്ന ഗ്ലൈഡര്‍ വീട്ടില്‍ ഇടിച്ചു കയറി അപകടം. ഗുരുതരമായി പരുക്കേറ്റ പൈലറ്റിനെയും 14 വയസുകാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് സംഭവം.
ധന്‍ബാദിലെ ബര്‍വാഡ എയര്‍സ്ട്രിപ്പില്‍ നിന്ന് പറന്നുയര്‍ന്ന ഗ്ലൈഡര്‍ 500 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സാങ്കേതിക തകരാറാകാം അപകടത്തിലേക്ക് നയിച്ചതെന്നും കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ കാരണമെന്തെന്ന് അറിയാനാകൂവെന്നും അധികൃതര്‍ പറഞ്ഞു.
ഗ്ലൈഡറിന്റെ കോക്ക്പിറ്റ് (വിമാനത്തില്‍ പൈലറ്റും മറ്റും ഇരിക്കുന്ന മുറി) വീടിന്റെ കോണ്‍ക്രീറ്റ് തൂണില്‍ ഇടിച്ചതായി പുറത്തുവന്ന അപകട ദൃശ്യങ്ങളില്‍ കാണാം. പൈലറ്റും യാത്രക്കാരനും ഇരുന്ന സ്ഥലം തൂണുകള്‍ക്കിടയില്‍ ഞെരുങ്ങിയാണ് കാണപ്പെട്ടത്. വീട്ടിലുള്ള ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് വീട്ടുടമ നിലേഷ് കുമാര്‍ പറഞ്ഞു. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ രണ്ട് കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്ന് നിലേഷ് കൂട്ടിച്ചേര്‍ത്തു.
Dhanbad (Jharkhand) 2seater glider crashed in Dhanbad, Two people, including pilot injured , live video pic.twitter.com/bGrsEkUNL9
— Rishi Tripathi ऋषि त्रिपाठी 🇮🇳💙 (@IndiatvRishi) March 24, 2023
അപകടത്തില്‍ പരുക്കേറ്റ യാത്രക്കാരന്‍ പട്ന സ്വദേശിയാണ്. ധന്‍ബാദിലെ ബന്ധുവിന്റെ വീട്ടിലേക്ക് വന്ന ഇയാള്‍ ഗ്ലൈഡര്‍ റൈഡ് നടത്താന്‍ തീരുമാനിച്ചു. സ്വകാര്യ ഏജന്‍സിയാണ് ഈ ഗ്ലൈഡര്‍ റൈഡ് നടത്തുന്നത്. ഗ്ലൈഡര്‍ സര്‍വീസില്‍ പരമാവധി രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. അതിനാല്‍ തന്നെ അപകടം നടക്കുന്ന സമയത്ത് പൈലറ്റും യാത്രക്കാരനും മാത്രമാണ് ഗ്ലൈഡറില്‍ ഉണ്ടായിരുന്നത്. വിനോദത്തിനായി ധന്‍ബാദിലെ ജനങ്ങള്‍ക്ക് ആകാശത്ത് നിന്ന് നഗരം കാണാന്‍ വേണ്ടിയാണ് ഗ്ലൈഡര്‍ സര്‍വീസ് ആരംഭിച്ചത്. നിലവില്‍ അപകടം ഉണ്ടായതിന് ശേഷം ഗ്ലൈഡര്‍ റൈഡ് നിര്‍ത്തിവെച്ചിരിക്കുകയാണ്.