കോഴിക്കോട്: യുവാവിനൊപ്പം ഖത്തറില്‍നിന്നെത്തിയ റഷ്യന്‍ യുവതിയെ പരുക്കേറ്റനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂരാച്ചുണ്ടിന് സമീപത്തെ കാളങ്ങാലിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ ഇരുവരും തമ്മില്‍ പ്രശ്നമുള്ളതായി നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് 27 വയസുള്ള വനിതയെ ആദ്യം കൂരാച്ചുണ്ട് ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. യുവാവിനെ കാണാനില്ലെന്നാണ് വിവരം.
യുവതി വീടിന്റെ ടെറസില്‍നിന്ന് ചാടിയതാണെന്നാണ് നാട്ടുകാരില്‍നിന്ന് പോലീസിന് ലഭിച്ച വിവരം. എന്നാല്‍, കൈയില്‍ മുറിവുണ്ടാക്കിയിട്ടുള്ള പരുക്കാണുള്ളതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പരുക്ക് ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് കൂരാച്ചുണ്ട് പോലീസ് അറിയിച്ചു. റഷ്യന്‍ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തര്‍ജ്ജമയ്ക്കായി ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് കാളങ്ങാലി സ്വദേശിയായ യുവാവിനൊപ്പം യുവതി ഖത്തറില്‍ നിന്നെത്തിയത്. തിങ്കളാഴ്ച രാത്രി കാര്‍ യാത്രയ്ക്കിടെ കൈതക്കലില്‍വെച്ചും ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയപ്പോള്‍ യുവതി നിലവിളിയോടെ പുറത്തേക്ക് ചാടിയിറങ്ങുന്നതുകണ്ട നാട്ടുകാര്‍ പേരാമ്പ്ര പോലീസിനെ വിവരമറിയിച്ചിരുന്നു.
പോലീസെത്തി ഇരുവരോടും കാറുമായി സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അനുസരിച്ചില്ല. നേരത്തേ യുവതി വീട്ടിലെത്തിയതിനുശേഷം പ്രശ്നങ്ങളുണ്ടായപ്പോള്‍ യുവാവിന്റെ മാതാപിതാക്കളും പോലീസ് സ്റ്റേഷനില്‍ പരാതിയുമായി സമീപിച്ചിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ മറ്റൊരിടത്തേക്ക് താമസം മാറ്റി.