IndiaNEWS

ശ്രീനാരായണ ഗുരുദേവന്റെ ദന്തങ്ങൾ മുംബൈയിലുണ്ട്, ശിവഗിരിയിലെത്തിക്കാൻ ശ്രമം

ശ്രീനാരായണഗുരുദേവന്റെ ദന്തങ്ങൾ മുംബൈ ഗുരുദേവഗിരി ക്ഷേത്രത്തിൽ നിന്നും  കേരളത്തിൽ ശിവഗിരിയിലേക്ക് എത്തിക്കാൻ ശ്രമം. ഗുരുവിനെ ചികിത്സിച്ചിരുന്ന ദന്തഡോക്ടർ ഡോ. ജി.ഒ പാൽ നിധിപോലെ സൂക്ഷിച്ചിരുന്ന ദന്തങ്ങളാണ് നവി മുംബെയിലെ ശ്രീനാരായണ മന്ദിരസമിതിയുടെ കീഴിലുള്ള ക്ഷേത്രത്തിലുള്ളത്. ഗുരുവിന്റെ ഏക ഭൗതിക ശേഷിപ്പാണിത്.

ഡോ.ജി.ഒ പാലിന്റെ മകനും അമേരിക്കയിൽ അറിയപ്പെടുന്ന ദന്ത ഡോക്ടറുമായ ഡോ. ഗോപാൽ ശിവരാജ്പാലാണ് ഈ ശേഷിപ്പ് ശിവഗിരിക്ക് കൈമാറാനുള്ള ആഗ്രഹം അറിയിച്ചത്.

ഡോ.  പാലിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശ്രീനാരായണഗുരു 1925-ൽ ഒരുദിവസം ഡോക്ടറുടെ വീട്ടിലെത്തിയപ്പോൾ പല്ലുവേദനയുണ്ടെന്ന് അറിയിക്കുകയായിരുന്നു. രണ്ടുദിവസത്തിനകം ശിവഗിരിയിലെത്തിയ ഡോ. പാൽ മുൻപ് ഘടിപ്പിച്ചിരുന്ന രണ്ടു കൃതിമ പല്ലുകളും ഇളകിയിരുന്ന അണപ്പല്ലുമുൾപ്പെടെ മൂന്നു പല്ലുകൾ ഇളക്കിമാറ്റി. ആ പല്ലുകൾ ഡോ. പാൽ ഒരു നിധിപോലെയാണ് സൂക്ഷിച്ചിരുന്നത്.

വർഷങ്ങൾക്കുശേഷം അദ്ദേഹം അമേരിക്കയിലുള്ള മകൻ ശിവരാജ് പാലിന്റെ അടുത്ത് പോയപ്പോഴും ഇത്  ഒപ്പം കൊണ്ടുപോയി. അമേരിക്കയിലെ ‘സ്മിത്ത്സോണിയം ഇൻസ്റ്റിറ്റ്യൂഷൻസ്’ മ്യൂസിയം ഇവ വാങ്ങി സൂക്ഷിക്കാൻ സന്നദ്ധമായെത്തിയെങ്കിലും അദ്ദേഹം കൈമാറിയില്ല. 1996-ൽ തിരിച്ചെത്തിയ ഡോ. പാൽ 96-ാം വയസ്സിൽ അന്തരിച്ചു.

ദന്തങ്ങൾ സുഹൃത്തായ ശിവദാസൻ മാധവനെ ഏൽപ്പിക്കണമെന്ന് മരിക്കുന്നതിന് മുൻപ് ഡോ. പാൽ മകനോട് പറഞ്ഞിരുന്നു. ഒപ്പം ഭക്തജനങ്ങൾക്ക് ദർശിക്കാൻ കഴിയുംവിധം ഒരിടത്ത് സൂക്ഷിക്കണമെന്നും ആഗ്രഹംപ്രകടിപ്പിച്ചിരുന്നു. ശ്രീനാരായണ മന്ദിര സമിതിയുടെ അന്നത്തെ പ്രസിഡന്റ് ഡോ. കെ.കെ ദാമോദരൻ അഭ്യർത്ഥിച്ചതു പ്രകാരം അവ സമിതിക്ക് നൽകി.

ടാറ്റാ സൺസ് മുൻ ഡയറക്ടറായിരുന്ന ആർ.കെ കൃഷ്ണകുമാറാണ് ഇവ ശിവദാസൻ മാധവനിൽനിന്ന് വാങ്ങി ഡോ. കെ.കെ. ദാമോദരന് കൈമാറിയത്.

എല്ലാവർഷവും ഗുരുദേവഗിരി തീർഥാടന സമയത്തേ ദന്തങ്ങൾ ഭക്തർക്ക് ദർശനത്തിനായി പുറത്തെടുക്കൂ.

കഴിഞ്ഞ ദിവസം തിരുവന

ന്തപുത്തെത്തിയ ശിവരാജ്പാൽ ശിവഗിരി സന്ദർശിച്ചിരുന്നു. അപ്പോഴാണ് ഗുരുവിന്റെ ശേഷിപ്പ് സൂക്ഷിക്കാൻ ഉചിതമായ ഇടം ശിവഗിരിയാണെന്ന ബോധ്യമായത്. ഗുരുമന്ദിര സമിതിക്കാരുമായും ശിവിഗിരി മഠാധികൃതരുമായും സംസാരിച്ച് ദന്തങ്ങൾ ഇവിടേയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

Back to top button
error: