KeralaNEWS

അരിക്കൊമ്പന്‍ ദൗത്യം തടഞ്ഞതില്‍ ജനം ‘കട്ടക്കലിപ്പില്‍’; ഉന്നതതല യോഗം ചേരും

ഇടുക്കി: അരികൊമ്പന്‍ ദൗത്യത്തിന് രണ്ടു നാള്‍ മാത്രം ബാക്കി നില്‍ക്കെ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ട് നടപടികള്‍ തടഞ്ഞതില്‍ ജനരോഷം. ദൗര്‍ഭാഗ്യകരമായ നടപടിയാണെന്നും, ഏറെക്കാലത്തെ ആവശ്യമാണ് ഹൈക്കോടതി തടഞ്ഞതെന്നും ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രതികരിച്ചു. ആനയുടെ ആക്രമണത്തിന് ഇരകളായ പ്രദേശവാസികളും ശക്തമായ എതിര്‍പ്പ് അറിയിച്ചു. അതേസമയം, മൃഗസംരക്ഷണ സംഘടനയെന്നു പറഞ്ഞ് തിരുവനന്തപുരത്തുനിന്നുള്ളയാള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം വെള്ളിയാഴ്ച കോട്ടയത്ത് ചേരും. നടപടികള്‍ ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തില്‍ വയനാട്ടില്‍നിന്നു മറ്റു രണ്ടു കുങ്കിയാനകളെ കൊണ്ടുവരുന്നതും നീട്ടി. ഉന്നതതല യോഗത്തിനു ശേഷം ആനകളെ കൊണ്ടുവരുന്നതില്‍ തീരുമാനമെടുക്കും.

ഹൈക്കോടതി ഉത്തരവ് അടിസ്ഥാനത്തില്‍ മാത്രമേ സര്‍ക്കാരിനു പ്രവര്‍ത്തിക്കാന്‍ സാധിക്കൂയെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കൂടുതല്‍ വാര്‍ഡന്‍മാരെയും ഓഫീസര്‍മാരെയും നിയോഗിച്ച് സമഗ്രമായ പരിരക്ഷാ പരിപാടിയാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, അക്രമകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മാറ്റിവയ്ക്കാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. അടുത്ത ബുധനാഴ്ച വരെ നടപടികള്‍ പാടില്ലെന്നാണ് ഉത്തരവ്. മൃഗസംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. വൈകിട്ട് പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, വിജു എബ്രഹാം എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

Back to top button
error: