ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം മുന്നണി രൂപീകരിക്കുന്നതിന് എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ട്. ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഏഴ് മുഖ്യമന്ത്രിമാരുമായി യോഗം ചേരാനായിരുന്നു നീക്കം. ഭൂരിഭാഗം പേരും സഹകരിക്കാന്‍ തയാറാകാതെ വന്നതോടെ നീക്കം പരാജയപ്പെടുകയായിരുന്നു.
മാര്‍ച്ച് 18-ന് ഡല്‍ഹിയിലേക്ക് ക്ഷണിച്ച് ഏഴ് മുഖ്യമന്ത്രിമാര്‍ക്കാണ് കേജ്രിവാള്‍ കത്തയച്ചത്. കേന്ദ്രവുമായി സമാനവിഷയങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്നവരുടെ കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു തുടങ്ങിയവര്‍ക്ക് ഫെബ്രുവരി അഞ്ചിനാണ് കേജ്രിവാള്‍ കത്തയച്ചത്.
നേരത്തേ, കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര സഖ്യത്തിനു വേണ്ടി കെ.ചന്ദ്രശേഖര റാവു നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, മറ്റു പാര്‍ട്ടികളില്‍നിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെ ചന്ദ്രശേഖര റാവു ശ്രമം ഉപേക്ഷിച്ചു. മൂന്നാം മുന്നണി നീക്കവുമായി മമതയും അഖിലേഷ് യാദാവും അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.